26 October, 2024 12:16:53 PM


'ചത്ത കുതിരയാണ് കോൺ​ഗ്രസ്', സരിൻ മിടുമിടുക്കനായ സ്ഥാനാർത്ഥിയെന്ന് വെള്ളാപ്പള്ളി നടേശൻ



കോട്ടയം: പാലക്കാട്ട് എല്‍ഡിഎഫ് പിന്തുണയോടെ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി സരിന്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തി. സരിനോടൊപ്പം മാധ്യമങ്ങളെ കാണവേ വെള്ളാപ്പള്ളി നടേശന്‍ രൂക്ഷവിമര്‍ശനമാണ് കോണ്‍ഗ്രസിനെതിരെ ഉന്നയിച്ചത്. കോണ്‍ഗ്രസ് ചത്ത കുതിരയാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു. ഇടതുപക്ഷം വരുമെന്ന് തന്നെ വിശ്വസിക്കുന്നു. ഡോ പി സരിന്‍ മിടുമിടുക്കനായ സ്ഥാനാര്‍ത്ഥിയെന്നും വെള്ളാപ്പള്ളി നടേശന്‍ കൂട്ടിച്ചേര്‍ത്തു.

ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനി പോലെയാണ് ഇപ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നതെന്ന് വെള്ളാപ്പള്ളി നടേശന്‍ പരിഹസിച്ചു. അതില്‍ തന്നെ ധാരാളം അഭിപ്രായ ഭിന്നതകളും നിലനില്‍ക്കുന്നുണ്ട്. കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ ഒരു ദിവസം എന്ത് പ്രസ്താവന നടത്തിയാലും ഉറപ്പായും പ്രതിപക്ഷ നേതാവ് പിറ്റേന്ന് അതിനെതിരായ നിലപാട് പറയും എന്നതാണ് അവസ്ഥ. കോണ്‍ഗ്രസ് പോസ്റ്ററില്‍ തന്നെ രണ്ടുപേരും രണ്ട് സൈഡിലേക്ക് തിരിഞ്ഞിരിക്കുന്ന ചിത്രമാണുള്ളത്. പരസ്പരം തിരിഞ്ഞുനിന്നുള്ള പ്രവര്‍ത്തനം കൊണ്ട് ആ പാര്‍ട്ടി എങ്ങനെ നന്നാകുമെന്നും വെള്ളാപ്പള്ളി നടേശന്‍ ചോദിച്ചു.

പാലക്കാട് ഉള്‍പ്പെടെ ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് വിജയമുണ്ടാകുമെന്നാണ് വെള്ളാപ്പള്ളി നടേശന്റെ വിലയിരുത്തല്‍. അടുത്ത തവണ എല്‍ഡിഎഫ് തന്നെ ഭരണത്തില്‍ വരുമെന്ന് പൂര്‍ണമായും വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. മൂന്ന് മണ്ഡലങ്ങളിലേയും ത്രികോണ മത്സരത്തിലെ പ്രയോജനം കിട്ടുന്നത് ഇടതുപക്ഷത്തിനായിരിക്കും. കോണ്‍ഗ്രസില്‍ നാലോ അഞ്ചോ പേര്‍ മുഖ്യമന്ത്രിയാകാന്‍ ഖദറിട്ട് നടക്കുന്നുണ്ടെന്നും വെള്ളാപ്പള്ളി നടേശന്‍ പരിഹസിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K