28 October, 2024 03:25:39 PM


പീഡനപരാതിയിൽ സംവിധായകൻ രഞ്ജിത്തിനെതിരെ ബെംഗളൂരുവിൽ കേസെടുത്തു



ബെംഗളൂരു: കോഴിക്കോട് സ്വദേശിയായ യുവാവിന്റെ ലൈംഗികാതിക്രമ പരാതിയില്‍ സംവിധായകന്‍ രഞ്ജിത്തിനെതിരെ ബംഗളൂരുവില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. കോഴിക്കോട് കസബ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസാണ് ബംഗളൂരുവിലേക്ക് മാറ്റിയത്. ഐപിസി 377 പ്രകാരമായിരുന്നു കസബ പൊലീസ് കേസെടുത്തത്.

2012 ല്‍ ബംഗളൂരു താജ് ഹോട്ടലില്‍ വെച്ച് തന്നെ പീഡിപ്പിച്ചു എന്നായിരുന്നു പരാതി. ഹേമ കമ്മിറ്റി മുന്‍പാകെയും യുവാവ് പരാതി നല്‍കിയിരുന്നു. അവസരം വാഗ്ദാനം ചെയ്ത് ബംഗളൂരുവില്‍ വച്ച് ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് യുവാവിന്റെ പരാതി. കോഴിക്കോട് സിനിമാ ഷൂട്ടിങിനിടയിലാണ് സംവിധായകനെ പരിചയപ്പെട്ടതെന്ന് യുവാവ് പറയുന്നു. അവസരം തേടി ഹോട്ടല്‍ റൂമിലെത്തിയ തനിക്ക് ടിഷ്യൂ പേപ്പറില്‍ ഫോണ്‍ നമ്പര്‍ കുറിച്ചു തന്നുവെന്നും അതില്‍ സന്ദേശം അയക്കാനും ആവശ്യപ്പെട്ടുവെന്നാണ് യുവാവ് പറയുന്നത്.

ബംഗളൂരു താജ് ഹോട്ടലില്‍ രണ്ട് ദിവസത്തിന് ശേഷം എത്താന്‍ ആവശ്യപ്പെട്ടു. രാത്രി 10 മണിയോടെ ഹോട്ടലില്‍ എത്തിയ തന്നോട് പുറകുവശത്തെ ഗേറ്റ് വഴി റൂമിലേക്ക് എത്താന്‍ സംവിധായകന്‍ നിര്‍ദേശിച്ചു, മുറിയിലെത്തിയപ്പോള്‍ മദ്യം നല്‍കി കുടിക്കാന്‍ നിര്‍ബന്ധിച്ചു, പിന്നീട് വിവസ്ത്രനാക്കിയെന്നും പീഡിപ്പിച്ചുവെന്നുമാണ് യുവാവ് പൊലീസിന് നല്‍കിയിരിക്കുന്ന മൊഴിയില്‍ പറയുന്നത്. നേരത്തെ ബംഗാളി നടിയുടെ പരാതിയിലും രഞ്ജിത്തിനെതിരെ പൊലീസ് കേസെടുത്തിരുന്നു. രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരിമാണിക്യം എന്ന ചിത്രത്തില്‍ അഭിനയിക്കാനെത്തിയപ്പോഴായിരുന്നു ദുരനുഭവമുണ്ടായതെന്നാണ് നടി പറഞ്ഞത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K