29 October, 2024 09:36:39 AM


നാഗര്‍കോവിലില്‍ ജീവനൊടുക്കിയ മലയാളി അധ്യാപികയുടെ ഭര്‍തൃമാതാവ് മരിച്ചു



തിരുവനന്തപുരം: നാഗര്‍കോവിലില്‍ ആത്മഹത്യ ചെയ്ത മലയാളി അധ്യാപികയുടെ ഭര്‍തൃമാതാവ് മരിച്ചു. കൊല്ലം പിറവന്തൂര്‍ സ്വദേശിയായ ശ്രുതിയുടെ ആത്മഹത്യക്ക് പിന്നാലെ ജീവനൊടുക്കാന്‍ ശ്രമിച്ച ചെമ്പകവല്ലി ഇന്നലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ചെമ്പകവല്ലിയുടെ പീഡനം കാരണം ജീവനൊടുക്കുന്നുവെന്നാണ് ശ്രുതിയുടെ അവസാന സന്ദേശത്തില്‍ പറഞ്ഞത്.

നാഗര്‍കോവില്‍ സ്വദേശി കാര്‍ത്തികുമായി കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് വിവാഹം കഴിഞ്ഞത്. ശ്രുതിയോട് വീട്ടിലേക്ക് തിരിച്ചു പോകാന്‍ ചെമ്പകവല്ലി നിര്‍ബന്ധിച്ചതോടെയാണ് കഴിഞ്ഞ ദിവസം അമ്മയ്ക്ക് ഫോണില്‍ ശബ്ദസന്ദേശം അയച്ച് ശ്രുതി ജീവനൊടുക്കിയത്. അമ്മയുടെ കുത്തുവാക്കുകള്‍ക്ക് മുന്നില്‍ കാര്‍ത്തിക് നിശബ്ദനായിരുന്നു എന്നും ശ്രുതി കുറ്റപ്പെടുത്തിയിരുന്നു.വൈദ്യുതി വകുപ്പ് ജീവനക്കാരനായ കാര്‍ത്തികിന് 10 ലക്ഷം രൂപയും 50 പവനും ശ്രുതിയുടെ കുടുംബം നല്‍കിയിരുന്നു. സ്തീധനം കുറഞ്ഞുപോയെന്ന് കുറ്റപ്പെടുത്തിയാണ് ചെമ്പകവല്ലി ശ്രുതിയുമായി നിരന്തരം പോരടിച്ചിരുന്നു.

തമിഴ്‌നാട് വൈദ്യുതി വകുപ്പില്‍ എഞ്ചിനീയര്‍ ആയ പിറവന്തൂര്‍ സ്വദേശി ബാബുവിന്റെ മകളായിരുന്നു മരിച്ച ശ്രുതി. സ്വകാര്യ കോളജില്‍ അസിസ്റ്റന്റ് പ്രൊഫസറായിരുന്നു ശ്രുതി. ചെമ്പകവല്ലി കുത്തുവാക്ക് പറയുന്നതായി ശ്രുതി പലപ്പോഴും പരാതിപ്പെട്ടിരുന്നെങ്കിലും ഭര്‍ത്താവുമായി ഒത്തുപോകാനാണ് വീട്ടുകാര്‍ നിര്‍ദ്ദേശിച്ചത്. ഇത്രയും കൊടിയ പീഡനം ശ്രുതി നേരിടുന്നതായി അറിഞ്ഞിരുന്നില്ലെന്നും കുടുബം പറഞ്ഞു. ശ്രുതിയുടെ മരണത്തിന് തൊട്ടുപിന്നാലെ സംഭവം വാര്‍ത്തയായതോടെയാണ് ചെമ്പകവല്ലി ആത്മഹത്യക്ക് ശ്രമിച്ചത്.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K