26 November, 2024 10:22:12 AM
കൊച്ചി ട്രാഫിക് എസിപിയുടെ വാഹനമിടിച്ച് പരിക്കേറ്റു; ചികിത്സയിലായിരുന്ന ആള്‍ മരിച്ചു
കൊച്ചി: കൊച്ചി ട്രാഫിക് എസിപിയുടെ വാഹനമിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. പുത്തന്‍വേലിക്കര സ്വദേശി ഫ്രാന്‍സിസ് (78) ആണ് മരിച്ചത്. ഈ മാസം ആദ്യം പുത്തന്‍വേലിക്കരയില്‍ വച്ചാണ് സംഭവം. എസിപി എ എ അഷ്‌റഫ് ഓടിച്ച ജീപ്പാണ് ഫ്രാന്‍സിസിനെ ഇടിച്ചുതെറിപ്പിച്ചത്. പൊലീസ് ജീപ്പില്‍ തന്നെയാണ് ഫ്രാന്‍സിസിനെ ആശുപത്രിയില്‍ എത്തിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഫ്രാന്‍സിസ് ഇന്ന് രാവിലെ തൃശൂരിലെ ആശുപത്രിയിലാണ് മരിച്ചത്. ആദ്യം കൊച്ചിയിലെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. തുടര്‍ചികിത്സയുടെ ഭാഗമായാണ് തൃശൂരിലേക്ക് കൊണ്ടുപോയത്. മഴ ഉള്ള ദിവസം രാത്രിയാണ് അപകടം നടന്നത്. പള്ളിയില്‍ നിന്ന് തൊട്ടുമുന്‍പിലുള്ള വീട്ടിലേക്ക് കടക്കുന്നതിനിടെയാണ് ഫ്രാന്‍സിസ് അപകടത്തില്‍പ്പെട്ടത്. എസിപി അമിത വേഗതയിലായിരുന്നുവെന്ന് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നതിനിടെയാണ് ചികിത്സയിലായിരുന്ന ഫ്രാന്‍സിസ് ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് മരിച്ചത്.