05 December, 2024 12:01:44 PM
'അച്ഛനെ അടിക്കല്ലേ' എന്ന് മകൾ നിലവിളിച്ചു; വിഷ്ണുവിനെ ഭാര്യയുടെ ബന്ധുക്കൾ കൊന്നത് മകളുടെ കൺമുന്നിൽ
ആലപ്പുഴ: ആറാട്ടുപുഴ തൃക്കുന്നപ്പുഴ സ്വദേശി വിഷ്ണുവിനെ ഭാര്യയുടെ ബന്ധുക്കൾ മർദിച്ച് കൊന്നത് ഏഴുവയസ്സുകാരിയായ മകളുടെ കൺമുന്നിൽവെച്ച്. കായംകുളം പെരുമ്പള്ളി പുത്തന്‍പറമ്പില്‍ നടരാജന്‍-ബീന ദമ്പതികളുടെ ഏക മകനായിരുന്ന വിഷ്ണുവാണ് കൊല്ലപ്പെട്ടത്. മരണകാരണം തലയ്‌ക്കേറ്റ ക്ഷതമാണെന്ന് നേരത്തെ പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു. ഇതോെടെയാണ് ഭാര്യ ആതിരയെ പൊലീസ് ഒന്നാം പ്രതിയാക്കിയത്. ആതിരയുടെ പിതൃസഹോദരങ്ങളായ ബാബുരാജ് (54), പത്മന്‍ (41), പൊടിമോന്‍ (50) എന്നിവരും പ്രതിപട്ടികയിലുണ്ട്. തൃക്കുന്നപ്പുഴ പൊലീസാണ് സംഭവത്തില്‍ കേസെടുത്തിരിക്കുന്നത്.
മകളുടെ കണ്മുന്നില്‍ വെച്ചായിരുന്നു കൊലപാതകം. ഒന്നര വര്‍ഷക്കാലമായി പിണങ്ങി താമസിക്കുകയായിരുന്നു വിഷ്ണുവും ഭാര്യ ആതിരയും. കുട്ടിയെ ധാരണപ്രകാരം പരസ്പരം മാറിമാറിയാണ് നോക്കിയിരുന്നത്. ഇതുപ്രകാരം മകളെ തിരിച്ചേല്‍പ്പിക്കാന്‍ ഭാര്യവീട്ടിലെത്തിയപ്പോഴായിരുന്നു സംഭവം. എന്നാല്‍ മകള്‍ അച്ഛനൊപ്പം പോകണമെന്ന് വാശിപിടിച്ച മകളെ ആതിര അടിച്ചു.
ഇതേച്ചൊല്ലി ആതിരയും വിഷ്ണുവും തമ്മില്‍ തര്‍ക്കമുണ്ടായി. ഇതിനിടെ വിഷ്ണു ആതിരയെ അടിച്ചു. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ പിതൃസഹോദരന്മാര്‍ ഉള്‍പ്പെടെയുള്ളവര്‍ സംഘം ചേര്‍ന്ന് വിഷ്ണുവിനെ മര്‍ദിക്കുകയായിരുന്നുവെന്നും ബോധരഹിതനായി കിടന്ന വിഷ്ണുവിനെ കായംകുളം താലൂക്ക് ആശുപത്രിയിലെത്തിക്കുകയായിരുന്നുവെന്നുമുള്ള വിവരമാണ് നേരത്തെ പുറത്ത് വന്നിരുന്നത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും വിഷ്ണു മരിക്കുകയുമായിരുന്നു.