18 December, 2024 06:41:54 PM


സ്കൂട്ടർ ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ചു; നവവരൻ മരിച്ചു, വധുവിന് ഗുരുതര പരിക്ക്



തൃപ്പൂണിത്തുറ: എരൂർ റോഡിൽ ചൊവ്വാഴ്ച രാത്രി സ്കൂട്ടറും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികനായ നവവരൻ മരിച്ചു. കൂടെയുണ്ടായിരുന്ന ഭാര്യയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ചെമ്പ് ബ്രഹ്മമംഗലം കണ്ടത്തിൽ വീട്ടിൽ വേണുഗോപാലിൻ്റെ മകൻ വിഷ്ണു വേണുഗോപാൽ (31) ആണ് മരിച്ചത്. ഭാര്യ കുറവിലങ്ങാട് മരങ്ങാട്ടുപള്ളി സ്വദേശിനി ആര്യയെ തലയ്ക്ക് ഗുരുതര പരിക്കുകളോടെ എറണാകുളം മെഡിക്കൽ സെൻ്ററിൽ ഐസിയുവിൽ പ്രവേശിപ്പിച്ചു. ഇവരുടെ വിവാഹം ഇക്കഴിഞ്ഞ നാലിനായിരുന്നു നടന്നത്. 

എരൂർ ഗുരു മഹേശ്വര ക്ഷേത്രത്തിന് സമീപം പാലത്തിൻ്റെ ഇറക്കത്തിൽ രാത്രി 7.30 ഓടെയായിരുന്നു അപകടം. എറണാകുളത്ത് രണ്ട് സ്ഥാപനങ്ങളിലായി ജോലി ചെയ്യുന്ന വിഷ്ണുവും ആര്യയും ജോലി കഴിഞ്ഞ് ഒരുമിച്ച്‌ സ്കൂട്ടറിൽ ബ്രഹ്മമംഗലത്തുള്ള വീട്ടിലേയ്ക്ക് പോകുമ്പോഴായിരുന്നു അപകടം ഉണ്ടായത്. സ്കൂട്ടർ എതിരെ വന്ന ഓട്ടോയുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് കേസന്വേഷിക്കുന്ന ഹിൽപ്പാലസ് പൊലീസ് അറിയിച്ചു. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K