19 December, 2024 01:41:15 PM


തൃപ്പൂണിത്തുറയില്‍ അങ്കണവാടിയുടെ മേല്‍ക്കൂര തകര്‍ന്ന് വീണു



കൊച്ചി: തൃപ്പൂണിത്തുറയില്‍ അങ്കണവാടിയുടെ മേല്‍ക്കൂര തകര്‍ന്നുവീണു. കണ്ടനാട് ജെബിഎസ് എല്‍പി സ്‌കൂളിന്റെ പഴയ കെട്ടിടമാണ് തകര്‍ന്നുവീണത്. ഈസമയത്ത് കുട്ടികള്‍ ആരും ഇല്ലാതിരുന്നത് കൊണ്ട് വന്‍അപകടം ഒഴിവായി. തകര്‍ന്നുവീഴുന്ന ശബ്ദം കേട്ട് കെട്ടിടത്തിനുള്ളില്‍ ഉണ്ടായിരുന്ന ആയ പുറത്തേയ്ക്ക് ഓടിയത് കൊണ്ട് രക്ഷപ്പെട്ടു. ഇന്ന് രാവിലെ 9.30 ഓടേയാണ് സംഭവം. കുട്ടികള്‍ എത്തുന്നതിന് തൊട്ടുമുന്‍പായിരുന്നു അപകടം സംഭവിച്ചത്. കെട്ടിടത്തിന് നൂറ് വര്‍ഷത്തോളം പഴക്കമുണ്ട്. നാലുവര്‍ഷം മുന്‍പ് സ്‌കൂള്‍ പ്രവര്‍ത്തിച്ചിരുന്നത് ഈ കെട്ടിടത്തിലാണ്. പുതിയ കെട്ടിടം പണിതതിനെ തുടര്‍ന്ന് സകൂള്‍ അവിടേയ്ക്ക് മാറ്റി. നിലവില്‍ അങ്കണവാടിയാണ് ഇവിടെ പ്രവര്‍ത്തിച്ചിരുന്നത്. കാലപഴക്കമാണ് മേല്‍ക്കൂര തകരാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം. നാളെ ഈ കെട്ടിടത്തില്‍ വച്ച് അങ്കണവാടി കുട്ടികള്‍ക്കായി ക്രിസ്മസ് ആഘോഷങ്ങള്‍ നടത്താനിരുന്നതാണ്. അതിന് മുന്‍പാണ് കെട്ടിടം തകര്‍ന്നുവീണത്. കുട്ടികള്‍ എത്തുന്നതിന് മുന്‍പ് മേല്‍ക്കൂര തകര്‍ന്നുവീണത് വന്‍ദുരന്തം ഒഴിവാക്കിയെന്ന് നാട്ടുകാര്‍ പറയുന്നു.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K