19 December, 2024 06:27:51 PM


ലോറിക്കും ജെസിബിക്കും ഇടയില്‍പ്പെട്ടു; കൊച്ചിയില്‍ മെട്രോ നിര്‍മാണത്തിനിടെ ലോറി ഡ്രൈവര്‍ക്ക് ദാരുണാന്ത്യം



കൊച്ചി: കാക്കനാട് മെട്രോ നിര്‍മാണത്തിനിടെ ലോറി ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. ആലുവ സ്വദേശിയായ ടിപ്പര്‍ ലോറി ഡ്രൈവര്‍ അഹമ്മദ് നൂര്‍ ആണ് മരിച്ചത്. 28 വയസ്സായിരുന്നു. മണ്ണുമാന്തി യന്ത്രത്തിനും ലോറിക്കും ഇടയില്‍പ്പെട്ടായിരുന്നു അപകടം. ഇന്ന് ഉച്ചയ്ക്ക് മൂന്നരയോടെയാണ് അപകടം സംഭവിച്ചത്. കാക്കനാട് മേഖലയില്‍ മെട്രോ നിര്‍മാണം പുരോഗമിക്കുന്നതിനിടെ മണ്ണ് നീക്കം ചെയ്യാനായി എത്തിയ ലോറിയുടെ ഡ്രൈവറാണ് മരിച്ചത്. ‌

ലോറിയില്‍ ലോഡ് നിറഞ്ഞോ എന്ന് നോക്കുന്നതിനിടെ മണ്ണുമാന്തി യന്ത്രം തിരിഞ്ഞുവരികയായിരുന്നു. അതിനിടെ ഡ്രൈവര്‍ ലോറിക്കും ജെസിബിക്കും ഇടയില്‍പ്പെടുകയായിരുന്നു. ഉടന്‍ തന്നെ അവിടെയുള്ളവര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം എറണാകുളം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K