29 December, 2024 06:58:18 PM


ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം



തൊടുപുഴ: ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം. മുള്ളരിങ്ങാട് സ്വദേശി അമർ ഇലാഹി (22) ആണ് കാട്ടാന ആക്രമണത്തിൽ ​ഗുരുതരമായ പരിക്കേറ്റതിനു പിന്നാലെ മരിച്ചത്. ആക്രമണത്തിന് പിന്നാലെ തൊടുപുഴ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തേക്കിൻ കൂപ്പിൽ പശുവിനെ അഴിക്കാൻ പോയപ്പോഴാണ് യുവാവിനെ കാട്ടാന ആക്രമിച്ചത്. ഇടുക്കി മുള്ളരിങ്ങാട് അമേൽ തൊട്ടിയിലാണ് ഉച്ചക്ക് ശേഷം മൂന്നുമണിയോടെ കാട്ടാന ആക്രമണം ഉണ്ടായത്. വനമേഖലയ്ക്ക് സമീപത്താണ് അമർ ഇലാഹിയും കുടുംബവും.യുവാവിനൊപ്പം ഉണ്ടായിരുന്നയാൾ ഓടി രക്ഷപ്പെടുകയായിരുന്നു.

ആശുപത്രിയിലെത്തിക്കുമ്പോൾ അതീവ ​ഗുരുതരാവസ്ഥയിലായിരുന്നു യുവാവ് മണിക്കൂറുകൾക്കകം തന്നെ മരണത്തിന് കീഴടങ്ങുകയായിരുന്നു. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വീട്ടിലെ ഏക ആശ്രയമായിരുന്നു അമർ എന്ന് അയൽവാസി പ്രതികരിച്ചു. കഴിഞ്ഞ 3 വർഷമായി പ്രദേശത്ത് ആന ശല്യമുണ്ടെന്നും ആദ്യമായാണ് പ്രദേശത്ത് ഒരാൾ കൊല്ലപ്പെടുന്നത്. നിലവിൽ ഭീതിയുള്ള സാഹചര്യമാണെന്നും അയൽവാസി കൂട്ടിച്ചേർത്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K