30 December, 2024 11:56:34 AM


കൊച്ചിയിൽ സ്കൂട്ടറിന് പിന്നിൽ കെഎസ്ആര്‍ടിസി ബസ് ഇടിച്ചു കയറി; സ്ത്രീക്ക് ദാരുണാന്ത്യം



കൊച്ചി: കൊച്ചി കടവന്ത്രയിൽ സ്കൂട്ടറിന് പിന്നിൽ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് സ്കൂട്ടറിന്‍റെ പിന്‍സീറ്റിലിരുന്ന യാത്ര ചെയ്യുകയായിരുന്ന സ്ത്രീക്ക് ദാരുണാന്ത്യം. അരൂകുറ്റി സ്വദേശി സീനത്ത് (40) ആണ് മരിച്ചത്. സ്കൂട്ടര്‍ ഓടിച്ചിരുന്നയാള്‍ക്കും ഗുരുതരമായി പരിക്കേറ്റു. അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. 

ഇന്ന് രാവിലെ ഒമ്പതോടെയാണ് കടവന്ത്രയിൽ മെട്രോ പില്ലര്‍  790ന് മുന്നിൽ വെച്ചാണ് ദാരുണാപകടം ഉണ്ടായത്. റോഡിൽ ഗതാഗത കുരുക്കുണ്ടായതിനെ തുടര്‍ന്ന് മുന്നിലെ വാഹനങ്ങള്‍ വേഗത കുറച്ച് നിര്‍ത്തിയതോടെ സ്കൂട്ടര്‍ ഓടിച്ചിരുന്നയാളും വേഗത കുറച്ച് നിര്‍ത്താൻ ശ്രമിക്കുന്നതിനിടയിൽ പിന്നിൽ നിന്നും കെഎസ്ആര്‍ടിസി ബസ് ഇടിക്കുകയായിരുന്നു.

തുടര്‍ന്ന് കാറിലിടിച്ചാണ് കെഎസ്ആര്‍ടിസി ബസ് നിന്നത്.  ഇടിയുടെ ആഘാതത്തിൽ കെഎസ്ആര്‍ടിസി ബസിനും കാറിനും ഇടയിൽ സ്കൂട്ടറിലുണ്ടായിരുന്നവര്‍ കുടുങ്ങി പോവുകയായിരുന്നു. ഗതാഗത കുരുക്കുള്ള സ്ഥലമായതിനാൽ വാഹനങ്ങള്‍ വേഗത കുറച്ച് പോകേണ്ട സ്ഥലമാണ്. കെഎസ്ആര്‍ടിസി ബസ് വേഗതയിലായിരുന്നവെന്ന് നാട്ടുകാര്‍ പറഞ്ഞു. അപകടം നടന്ന ഉടനെ സ്ത്രീയെയും സ്കൂട്ടര്‍ യാത്രികനെയും ആശുപത്രിയിലെത്തിച്ചെങ്കിലും സീനത്തിനെ രക്ഷിക്കാനായില്ല. ഫയര്‍ഫോഴ്സും പൊലീസും സ്ഥലത്തെത്തി തുടര്‍ നടപടി സ്വീകരിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K