01 January, 2025 10:02:23 AM


ഗിയറില്‍ അബദ്ധത്തില്‍ കൈതട്ടി; കുട്ടിക്കാനത്ത് കാർ കൊക്കയിലേക്ക് മറി‍ഞ്ഞ് യുവാവ് മരിച്ചു



തൊടുപുഴ: ഇടുക്കി കുട്ടിക്കാനത്ത് കാർ കൊക്കയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. കാഞ്ഞിരപ്പള്ളി ആനക്കല്ല് സ്വദേശി ഫൈസൽ (27) ആണ് മരിച്ചത്. 300 അടിയോളം താഴ്ചയുള്ള കൊക്കയിലേക്ക് കാർ പതിക്കുകയായിരുന്നു. 
ഇന്നലെ രാത്രിയോടെയായിരുന്നു അപകടം.

കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട എന്നിവിടങ്ങളിൽ നിന്നുള്ള 11 പേരടങ്ങുന്ന സംഘമാണ് പുതുവത്സരം ആഘോഷിക്കാനായി കുട്ടിക്കാനത്തിന് സമീപം കോക്കാട് ഹിൽസ് എന്ന സ്ഥലത്ത് എത്തിയത്. ആഘോഷം നടക്കുന്നതിനിടെ ഫൈസൽ വാഹനത്തിൽ ഇരിക്കുകയായിരുന്നു. ഈ സമയത്ത് അബദ്ധത്തില്‍ ഗിയറില്‍  കൈതട്ടി വാഹനം ഉരുണ്ട് കൊക്കയിലേക്ക് പതിക്കുകയായിരുന്നു. 

രാത്രി തന്നെ പൊലീസും ഫയർഫോഴ്സുമെത്തി തിരച്ചിൽ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. രാവിലെ വീണ്ടും തിരച്ചിൽ നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പീരുമേട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഫൈസലിന്റെ കൈ തട്ടി ​ഗിയർ ന്യൂട്രലായി കാർ ഉരുണ്ട് പോയതായിരിക്കാമെന്നാണ് പ്രാഥമിക നി​ഗമനം.







Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K