02 January, 2025 11:26:58 AM


ഇടുക്കിയിൽ ആടിന് തീറ്റ ശേഖരിക്കാൻ മരത്തിൽ കയറിയയാൾ വൈദ്യുതാഘാതമേറ്റ് മരിച്ചു



ഇടുക്കി: ചട്ടമൂന്നാറിൽ ആടിന് തീറ്റ ശേഖരിക്കാൻ മരത്തിൽ കയറിയയാൾ വൈദ്യുതാഘാതമേറ്റ് മരിച്ചു. ചട്ട മൂന്നാർ സ്വദേശി ഗണേശനാണ് മരിച്ചത്.ഇന്നലെ രാത്രിയായിരുന്നു സംഭവം. വീട്ടിൽ വളർത്തുന്ന ആടിന് തീറ്റ ശേഖരിക്കാനായിട്ടാണ് അടുത്തുള്ള ഒരു തേയിലത്തോട്ടത്തിലേക്ക് ഇയാൾ പോയത്. തേയിലത്തോട്ടത്തിലെ മരത്തിൽ നിന്നും ചില്ലകൾ വെട്ടുമ്പോൾ ഇതിലൊന്ന് വൈദ്യുത ലൈനിലേക്ക് വീണു. ഇത് എടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഷോക്കേറ്റതെന്നാണ് നിഗമനം.

ഒറ്റയ്ക്കായിരുന്നു ഗണേശൻ ആടിനുള്ള തീറ്റ ശേഖരിക്കാൻ എത്തിയിരുന്നത്. ഇന്ന് രാവിലെ എസ്‌റ്റേറ്റിലെത്തിയ തൊഴിലാളികളാണ് ഇയാൾ മരക്കൊമ്പിൽ മരിച്ചുകിടക്കുന്നത് കണ്ടത്. തൊഴിലാളികൾ ഉടൻ തന്നെ മറയൂർ പൊലീസിനെ വിവരമറിയിച്ചു. പ്രാഥമിക നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K