06 January, 2025 08:47:36 AM


ഇടുക്കിയില്‍ കെഎസ്ആര്‍ടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞു; മൂന്ന് മരണം



തൊടുപുഴ: ഇടുക്കി ജില്ലയിലെ പുല്ലുപാറക്ക് സമീപം കെഎസ്ആര്‍ടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് മരണം. മാവേലിക്കര സ്വദേശികളായ രണ്ടു പുരുഷന്മാരും ഒരു സ്ത്രീയുമാണ് മരിച്ചത്. ഇവരുടെ പൂര്‍ണ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

ഇന്ന് രാവിലെ ആറ് മണിയോടെയായിരുന്നു അപകടം. മാവേലിക്കരയില്‍ നിന്നും തഞ്ചാവൂരിലേക്ക് വിനോദ യാത്ര പോയ സംഘം സഞ്ചരിച്ച ബസാണ് അപകടത്തില്‍ പെട്ടത്. ബസില്‍ 34 യാത്രക്കാര്‍ അടക്കം 36 പേരാണ് ഉണ്ടായിരുന്നത്. വിനോദയാത്രാ സംഘത്തിന്റെ മടക്കയാത്രയിലാണ് ബസ് അപകടത്തില്‍ പെട്ടത്. വളവില്‍വെച്ച് ബസ് നിയന്ത്രണം വിട്ട് 30 അടിയോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു. എന്നാല്‍ മരങ്ങളില്‍ തട്ടി ബസ് നിന്നു. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്.

കയറുകെട്ടി നിര്‍ത്തിയ ശേഷമാണ് ബസില്‍ നിന്ന് യാത്രക്കാരെ പുറത്തെടുത്തത്. മുന്‍വശത്തെ ചില്ല് തകര്‍ത്താണ് ആദ്യം യാത്രക്കാരെ പുറത്തെടുത്തത്. പരിക്കേറ്റവരെ ഉടന്‍ തന്നെ മുണ്ടക്കയം ആശുപത്രിയിലെത്തിച്ചു. ഇതില്‍ ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരാണ് മരിച്ചത്.

കുട്ടിക്കാനത്തിനും മുണ്ടക്കയത്തിനും ഇടയില്‍ കൊടും വളവുകള്‍ നിറഞ്ഞ റോഡില്‍ ഒരു ഭാഗം കൊക്കയാണ്. ബ്രേക്ക് പൊട്ടി വാഹനം അപകടത്തില്‍പെട്ടെന്നാണ് ലഭിക്കുന്ന വിവരം. പീരുമേടില്‍ നിന്നും മുണ്ടക്കയത്ത് നിന്നും വന്ന ഫയര്‍ ഫോഴ്സ് സംഘവും ഹൈവേ പൊലീസും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K