03 February, 2025 04:45:38 PM
ഇന്‍ക്വസ്റ്റില്‍ ഒന്നും കണ്ടെത്താനായില്ല; സെലീനാമ്മയുടെ മൃതദേഹം വീണ്ടും സംസ്കരിച്ചു

തിരുവനന്തപുരം: പാറശ്ശാലയിലെ മുൻ നഴ്സിംഗ് അസിസ്റ്റന്‍റ് സെലീനാമ്മയുടെ മരണത്തിൽ അസ്വഭാവികതയില്ലെന്ന് പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ട്. ഇന്ന് രാവിലെയാണ് മൃതദേഹം കല്ലറ തുറന്ന് പുറത്തെടുത്ത് പോസ്റ്റ്‍മോര്‍ട്ടം നടത്തിയത്. പ്രാഥമിക പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ടാണ് പുറത്തുവന്നത്. ഇതിലാണ് മരണത്തിൽ അസ്വഭാവികതയില്ലെന്ന് വ്യക്തമാക്കിയത്.
പ്രാഥമിക റിപ്പോര്‍ട്ട് മാത്രമാണ് പുറത്തുവന്നതെന്നും ആന്തരികാവയവങ്ങള്‍ രാസപരിശോധനയ്ക്ക് അയക്കുമെന്നും അതിനുശേഷമായിരിക്കും അന്തിമ നിഗമനത്തിലെത്തുകയെന്നും പൊലീസ് അറിയിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം വീണ്ടും സംസ്കരിച്ചു. പൊളിച്ച കല്ലറയിൽ തന്നെയാണ് മൃതദേഹം സംസ്കരിച്ചത്.
അതേസമയം ഇൻക്വസ്റ്റിൽ പ്രത്യക്ഷത്തിൽ ഒന്നും കണ്ടെത്താൻ ആയില്ലെന്ന് നെയ്യാറ്റിൻകര ഡിവൈഎസ്പി എസ് ഷാജി മാധ്യമങ്ങളോട് പറഞ്ഞു. സെലീനാമ്മയുടെ കഴുത്തിലെ മാല മുക്കുപണ്ടം ആയതിലാണ് സംശയം തോന്നിയത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട് കിട്ടിയാൽ മാത്രമേ എന്തെങ്കിലും പറയാൻ സാധിക്കൂ. മകന്റെ പരാതിയിലാണ് അന്വേഷണം നടത്തുന്നതെന്നും ഡിവൈഎസ്പി എസ് ഷാജി പറഞ്ഞു.
ദുരൂഹതയെ തുടർന്ന് ഇന്ന് കല്ലറ പൊളിച്ച് മൃതദേഹം പുറത്തെടുക്കുകയായിരുന്നു. പള്ളിയുടെ സമീപത്ത് പോസ്റ്റ്‌മോർട്ടം നടത്താനായി താൽക്കാലിക സംവിധാനം ഒരുക്കിയിരുന്നു. 11 മണിയോടെയാണ് കല്ലറ പൊളിച്ചത്. കല്ലറ പൊളിക്കുന്നവരും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും നേരത്തെത്തന്നെ പള്ളിയിൽ എത്തിയിരുന്നു.
മണിവിള പള്ളിയിലാണ് സെലീനാമ്മയുടെ സംസ്കാരം നടന്നത്. ജനുവരി 17നാണ് സെലീനാമ്മയെ ധനുവച്ചപുരത്തെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണാനന്തര ചടങ്ങിന്റെ ഭാഗമായി മൃതദേഹം കുളിപ്പിച്ചപ്പോള്‍ സെലീനാമ്മയുടെ ദേഹത്ത് മുറിവും ചതവും കണ്ടെത്തിയിരുന്നു. ഒപ്പം സെലീനാമ്മയുടെ ആഭരണങ്ങളും കാണാനില്ലായിരുന്നു. എന്നാൽ സംസ്കാരത്തിന് ശേഷമാണ് സെലീനാമ്മയുടെ മകൻ ഈ വിവരങ്ങൾ അറിയുന്നത്. ഇതേ തുടര്‍ന്ന് മകൻ രാജു പാറശ്ശാല പൊലീസിൽ പരാതി നൽകുകയായിരുന്നു.