06 February, 2025 03:55:21 PM


സഹോദരനും പോയി, മനോവിഷമത്തിൽ യുവാവ് തൂങ്ങി മരിച്ചു



തിരുവനന്തപുരം: വക്കത്ത് കായൽക്കരയിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സ്വകാര്യ സൂപ്പർമാർക്കറ്റിലെ സെയിൽസ്മാൻ ആയിരുന്ന വെളിവിളാകം (ആറ്റൂർ തൊടിയിൽ) ബി.എസ് നിവാസിൽ രാഹുൽ (24) ആണ് മരിച്ചത്. 

ആകെയുണ്ടായിരുന്ന സഹോദരൻ മൂന്ന് മാസങ്ങൾക്ക് മുമ്പ് മരിച്ചിരുന്നു. ഇതിൽ മനോവിഷമത്തിലായിരുന്നു രാഹുലെന്ന് സുഹൃത്തുക്കളും പൊലീസും പറഞ്ഞു. ഇരുവരേയും ചെറുപ്പത്തിൽ മാതാപിതാക്കൾ ഉപേക്ഷിച്ചതാണെന്നും ബന്ധുക്കളാണ് വളർത്തിയതെന്നും പൊലീസ് പറഞ്ഞു. 

വക്കം പണ്ടാരതോപ്പിന് സമീപം ഇന്നലെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹത്തിന് സമീപത്ത് നിന്നും ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെടുത്തു. ആത്മഹത്യാ കുറിപ്പിലും ഇക്കാര്യങ്ങൾ തന്നെയാണ് എഴുതിയിരുന്നത്. മരിക്കുന്നതിന് മുമ്പ് അടുത്ത സുഹൃത്തുക്കളെ ഫോണിൽ വിളിച്ച രാഹുൽ, തനിക്ക് ഇനി ആരുമില്ലെന്നും സഹോദരനൊപ്പം പോകുകയാണെന്നും പറഞ്ഞു. 

സുഹൃത്തുക്കൾ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും വഴങ്ങാതെ ഫോൺ കട്ട് ചെയ്യുകയായിരുന്നു. ഇതിന് ശേഷമാണ് തൂങ്ങിയതെന്ന് മൊബൈൽ ഫോൺ പരിശോധിച്ചതിൽ നിന്ന് വ്യക്തമായെന്നും പൊലീസ് പറയുന്നു. മാസങ്ങളായി ഇയാൾ ജോലിക്കും പോയിരുന്നില്ല. കടക്കാവൂർ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K