21 February, 2025 09:01:24 AM


ഒറ്റ നോട്ടത്തിൽ ചീര കൃഷി; രഹസ്യ അറയിൽ സൂക്ഷിച്ചിരുന്നത് വാറ്റും വൈനും



തിരുവനന്തപുരം: വലിയമലയിൽ സ്വകാര്യ വ്യക്തിയുടെ വീട്ടിൽ വൻ ചാരായവേട്ട. വിൽപ്പനയ്ക്കായി ശേഖരിച്ച് വച്ചിരുന്ന 149 ലിറ്റർ വാറ്റ് ചാരായവും 39 ലിറ്റർ വൈൻ, വെടിമരുന്ന്, കാട്ടുപന്നിയുടെ അവശിഷ്ടങ്ങൾ എന്നിവ കണ്ടെത്തി. സംഭവത്തിൽ വലിയമല പനയ്ക്കോട് സ്വദേശി ഭജൻലാലി (32) നെ റൂറൽ എസ്പിയുടെ സ്പെഷ്യല്‍ ഡാൻസാഫ് ടീം അറസ്റ്റ് ചെയ്തു.

രഹസ്യ വിവരത്തെ തുടർന്ന് ഇന്നലെ ഉച്ചയോടെയാടെയാണ് സംഘം വീട്ടിലെത്തി പരിശോധന നടത്തിയത്. ഭജൻ ലാലിന്‍റെ വീട്ട് മുറ്റത്ത് പ്രത്യേകം തയ്യാറാക്കിയ അറകൾക്ക് ഉളളിലാണ് വാറ്റ് ചാരായം സൂക്ഷിച്ചിരുന്നത്. ചീര കൃഷി നടത്തി അതിന് സമീപം കുഴിയെടുത്താണ് അറകൾ നിർമിച്ചത്. കൂടാതെ വിവിധ കുപ്പികളിലായി ലിറ്റർ കണക്കിന് വൈനും കണ്ടെത്തിയെന്ന് പൊലീസ് പറഞ്ഞു.

പ്രതിയെ വലിയമല പൊലീസ് കസ്റ്റഡിയിൽ എടുത്തു. കാട്ടുപന്നിയുടെ അവശിഷ്ടം കണ്ടെത്തിയതിനാൽ വനം വകുപ്പും സംഭവത്തിൽ അന്വേഷണം നടത്തും. കാട്ടുപന്നിയെ വേട്ടയാടാൻ വേണ്ടിയാണ് വെടിമരുന്ന് സൂക്ഷിച്ചിരുന്നതെന്നാണ് വിവരം. ആവശ്യക്കാർക്ക് 2000 മുതൽ 3000 രൂപയ്ക്കാണ് വാറ്റ് ചാരായം വിൽപ്പന നടത്തിയിരുന്നു ന്ന്. ആവശ്യക്കാർക്ക് സാധനങ്ങൾ സ്ഥലത്ത് എത്തിച്ച് നൽകുന്ന രീതിയായിരുന്നു പ്രതിയുടേതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K