20 January, 2024 03:19:26 PM


ഇടുക്കിയിലെ കുമളിയില്‍ മക്കള്‍ ഉപേക്ഷിച്ച്‌ പോയ വയോധിക മരിച്ചു



ഇടുക്കി: ഇടുക്കിയിലെ കുമളിയില്‍ മക്കള്‍ ഉപേക്ഷിച്ച്‌ പോയ വയോധിക മരിച്ചു. ചികിത്സയ്ക്കിടെ കുമളി അട്ടപ്പള്ളം സ്വദേശി അന്നക്കുട്ടി മാത്യു ആണ് മരിച്ചത്.

വാടക വീട്ടില്‍ ഒറ്റക്ക് കഴിഞ്ഞിരുന്ന അന്നക്കുട്ടിയെ പൊലീസ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചിരുന്നു. ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന അന്നക്കുട്ടി കഴിഞ്ഞ ദിവസം വീണ് വലതു കൈ ഒടിഞ്ഞിരുന്നു. ശാരീരികമായ മറ്റ് അസ്വസ്ഥതകളുമുണ്ടായിരുന്നു. 

വെള്ളിയാഴ്ച ഉച്ചയോടെ നാട്ടുകാരും പഞ്ചായത്തംഗവും അറിയിച്ചതനുസരിച്ച്‌ പൊലീസ് അന്നക്കുട്ടിയുടെ വീട്ടിലെത്തി. ഭക്ഷണവും മരുന്നുമില്ലാതെ അവശനിലയിലായിരുന്ന അന്നക്കുട്ടിയെ ആശുപത്രിയിലെത്തിച്ചു. 

ഭർത്താവ് മരിച്ച അന്നക്കുട്ടിക്ക് ഒരു മകനും മകളുമുണ്ട്. ഇരുവരും വിവാഹം കഴിച്ച്‌ കുമളിയില്‍ തന്നെയാണ് താമസം.
മകന്‍റെ സംരക്ഷണത്തിലായിരുന്നു അമ്മ കഴിഞ്ഞിരുന്നത്. സ്വത്ത് വിറ്റുകിട്ടിയ പണം കൈക്കലാക്കിയ മക്കള്‍ വാടക വീടെടുത്ത് അന്നക്കുട്ടിയെ മാറ്റി. 

മകള്‍ മാസം തോറും നല്‍കിയിരുന്ന ചെറിയ തുക ഉപയോഗിച്ചാണ് ഒരു വർഷത്തോളമായി അന്നക്കുട്ടി കഴിഞ്ഞിരുന്നത്. പൊലീസ് അറിയച്ചതനുസരിച്ച്‌ ആശുപത്രിയിലെത്തിയ ബാങ്ക് ജീവനക്കാരനായ മകൻ, വീട്ടിലെ നായയെ നോക്കാൻ ആളില്ലെന്ന് പറഞ്ഞ് സ്ഥലം വിട്ടിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K