21 January, 2024 08:12:43 PM
മക്കൾ ഉപേക്ഷിച്ച അന്നക്കുട്ടി അമ്മക്ക് പൊതു ദർശനം കുമളി ബസ് സ്റ്റാൻഡിൽ
കുമളി: മക്കൾ ഉപേക്ഷിച്ച അന്നക്കുട്ടി അമ്മക്ക് പൊതു ദർശനം കുമളി ബസ് സ്റ്റാൻഡിൽ. അന്തിമോപചാരം അർപ്പിച്ച് ജില്ലാ കളക്ടർ അടക്കമുള്ളവർ. മക്കളും, ബന്ധുക്കളും ഉണ്ടെങ്കിലും ആരും സംരക്ഷിക്കാനില്ലാതെ ജീവിതത്തിൻ്റെ അന്ത്യ നാളുകളിലെ കടുത്ത രോഗാവസ്ഥയിലും തനിച്ചായി ഒടുവിൽ മരണത്തിന് കീഴടങ്ങിയ ഇടുക്കി കുമളി അട്ടപ്പള്ളം സ്വദേശിനി അന്നക്കുട്ടി മാത്യു എന്ന 76 വയസുകാരിയ്ക്ക് നാട് ഒരുമിച്ച് യാത്രമൊഴിയേകി.
ഇടുക്കി ജില്ലാ കളക്ടർ ഷീബാ ജോർജ്, സബ്ബ് കളക്ടർ അരുൺ എസ്. നായർ, പോലീസ്, ജനപ്രതിനിധികൾ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സംസ്ക്കാരം നടന്നത്. കുമളി സെൻ്റ്. തോമസ് ഫൊറോന പള്ളിയിലായിരുന്നു സംസ്ക്കാരം. ഭർത്താവ് മരിച്ച അന്നക്കുട്ടിക്ക് ഒരു മകനും മകളും ഉണ്ടെങ്കിലും, സ്വത്ത് വിറ്റുകിട്ടിയ പണം കൈക്കലായപ്പോൾ രണ്ട് മക്കളും അമ്മയുടെ സംരക്ഷണം ഒഴിവാക്കി.
ഒടുവിൽ ഒരു വാടക വീടെടുത്ത് നൽകിയെങ്കിലും കഴിഞ്ഞയിടെ വീണ് കൈയൊടിഞ്ഞും, കടുത്ത ഉദര രോഗങ്ങളും ബാധിച്ചും ആരോഗ്യാവസ്ഥ ഗുരുതരമാകുകയായിരുന്നു. കുമളി പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ ജോബിൻ ആൻ്റണി , പഞ്ചായത്തംഗം ജയ മോൾ മനോജും അടക്കമുള്ളവർ ചേർന്ന് നടത്തിയ ഇടപെടലിലൂടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച് ചികിത്സ നടത്തിയെങ്കിലും ഇന്നലെ മരിച്ചു. കുമളി സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥയുടെയും, ജയമോളുടെയും നേതൃത്വത്തിലാണ് പോസ്റ്റ് മാർട്ടത്തിന് ശേഷം മൃതദേഹം സ്വദേശമായ കുമളിയിൽ എത്തിച്ചത്.