22 January, 2024 09:40:21 AM


തൃപ്പൂണിത്തുറയിൽ മനുഷ്യന്‍റെ തലയോട്ടിയും അസ്ഥിയും കണ്ടെത്തി; അന്വേഷണം ഊർജിതമാക്കി



തൃപ്പൂണിത്തുറ: കണ്ണൻകുളങ്ങരയിൽ വീടിന്‍റെ പറമ്പിൽ മനുഷ്യന്‍റെ അസ്ഥിക്കൂടം കണ്ടെത്തി. തലയോട്ടിയും കൈപ്പത്തിയും അരക്കെട്ടിന്‍റെ ഭാഗവുമാണ് കണ്ടെത്തിയത്. കവറിൽ പൊതിഞ്ഞ നിലയിലായിരുന്നു ഇവ.

കണ്ണൻകുളങ്ങരയിൽ വീടുപണി നടക്കുന്ന സ്ഥലത്തു നിന്നാണ് അസ്ഥികൾ കണ്ടെത്തിയത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. രാവിലെ എത്തിയ നിർമാണത്തൊഴിലാളികളാണ് ആദ്യം കണ്ടത്. ഉടനെ സമീപവാസികളേയും പൊലീസിനേയും അറിയിക്കുകയായിരുന്നു.

കിഷോർ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് സ്ഥലം. കഴിഞ്ഞ ഡിസംബറിൽ ബാലകൃഷ്ണൻ എന്നയാൾ വിറ്റ സ്ഥലമാണിത്. സമീപത്തു തന്നെ ബാലകൃഷ്ണനും വീട് പണിയുന്നുണ്ട്. സ്ഥലം വാങ്ങിയ ശേഷം ജെസിബി ഉപയോഗിച്ച് വൃത്തിയാക്കിയപ്പോഴൊന്നും അസ്ഥികൾ കണ്ടിരുന്നില്ല.

സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. ലിംഗ നിർണ്ണയത്തിന് ശേഷം കൂടുതൽ ശാസ്ത്രീയ പരിശോധനകളിലേക്ക് കടക്കും. സമീപ പ്രദേശത്ത് നിന്നും അടുത്ത കാലത്ത് കാണാതായവരെ കുറിച്ചുള്ള അന്വേഷണവും പൊലീസ് ആരംഭിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K