22 January, 2024 06:38:46 PM


ഒറ്റപ്പാലം റവന്യൂ ഡിവിഷനില്‍ 476 ഭൂമി തരം മാറ്റല്‍ ഉത്തരവ് വിതരണം ചെയ്തു



പാലക്കാട്: ഒറ്റപ്പാലം റവന്യൂ വകുപ്പ് സംഘടിപ്പിച്ച ഭൂമി തരം മാറ്റം അദാലത്തില്‍ ഒറ്റപ്പാലം റവന്യൂ ഡിവിഷനില്‍ 476 ഭൂമി തരം മാറ്റല്‍ ഉത്തരവ് വിതരണം ചെയ്തു. കണ്ണിയംപുറം സി.എസ്.എന്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയുടെ ഉദ്ഘാടനം മന്ത്രി കെ. രാജന്‍ നിര്‍വഹിച്ചു. 1163 അപേക്ഷകളാണ് ഒറ്റപ്പാലം റവന്യൂ ഡിവിഷനില്‍ ലഭിച്ചത്. ബാക്കി അപേക്ഷകള്‍ 10 ദിവസത്തിനകം തീര്‍പ്പാക്കണമെന്ന് മന്ത്രി പറഞ്ഞു. 

ഒറ്റപ്പാലം, പട്ടാമ്പി, മണ്ണാര്‍ക്കാട്, അട്ടപ്പാടി താലൂക്കുകള്‍ ഉള്‍പ്പെടുന്നതാണ് ഒറ്റപ്പാലം റവന്യൂ ഡിവിഷന്‍. കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം ഭേദഗതി പ്രകാരം ഭൂമിയുടെ തരംമാറ്റത്തിനായി നല്‍കിയ അപേക്ഷകളില്‍ തരംമാറ്റത്തിന് അര്‍ഹമായ 25 സെന്റില്‍ താഴെ ഭൂമിയുള്ള അപേക്ഷകളിലാണ് സൗജന്യ തരം മാറ്റം നടത്തി ഉത്തരവ് നല്‍കിയത്.

ഭൂമി സംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന്റെ കാലതാമസം ഒഴിവാക്കുന്നതിനായി സ്ഥിര ജീവനക്കാരെ നിയമിക്കുന്നതിന് സര്‍ക്കാര്‍ നടപടിയെടുത്തെന്ന് മന്ത്രി പറഞ്ഞു. നെല്‍വയര്‍ തണ്ണീര്‍ത്തട നിയമത്തിനു കീഴില്‍ വരുന്ന സംരക്ഷണ നിയമത്തിന് കീഴിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് 67 ജൂനിയര്‍ സൂപ്രണ്ടുമാരെയും 181 ക്ലാര്‍ക്കുമാരെയും എംപ്ലോയ്‌മെന്റ് വഴി 120 സര്‍വേയര്‍മാരെയും നിയമിച്ചതായും മന്ത്രി പറഞ്ഞു.

പരിപാടിയില്‍ കെ. പ്രേംകുമാര്‍ എം.എല്‍.എ അധ്യക്ഷനായി. ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര, സബ് കലക്ടര്‍ ഡോ. മിഥുന്‍ പ്രേംരാജ്, അസിസ്റ്റന്റ് കലക്ടര്‍ ഒ.വി ആല്‍ഫ്രഡ്, ഡെപ്യൂട്ടി ഭൂപരിഷ്‌കരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ എന്‍. ബാലസുബ്രഹ്മണ്യം, അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് കെ. മണികണ്ഠന്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K