23 January, 2024 04:12:33 PM
കർശന നിയന്ത്രണങ്ങൾ; മഹാരാജാസ് കോളേജ് നാളെ തുറക്കാന്‍ തീരുമാനം
കൊച്ചി: വിദ്യാർഥി സംഘർഷത്തെ തുടർന്ന് അടച്ചിട്ട മഹാരാജാസ് കോളജ് നാളെ തുറക്കാന്‍ തീരുമാനം. വിദ്യാർഥി സംഘടന പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് ഇക്കാര്യം തീരുമാനിച്ചത്. കോളജ് ഉടൻ തുറക്കണമെന്ന് ഇന്നലെ നടന്ന പിടിഎ യോഗത്തിലും തീരുമാനിച്ചിരുന്നു. വിദ്യാർഥി സംഘടന പ്രതിനിധികൾക്കു പുറമേ പൊലീസ് ഉദ്യോഗസ്ഥരും മുതിർന്ന നേതാക്കളും യോഗത്തിൽ പങ്കെടുത്തു.
വൈകിട്ട് 6 മണിക്ക് ശേഷം ക്യാമ്പസ് വിടുക, ഐഡി കാർഡ് നിർബന്ധമാക്കുക, സുരക്ഷാ ജീവനക്കാരുടെ എണ്ണം കൂട്ടുക എന്നിവയടക്കമുള്ള നിയന്ത്രണങ്ങൾ നടപ്പാക്കാനും യോഗം തീരുമാനിച്ചു. കഴിഞ്ഞ വ്യാഴാഴ്ചയാണ് വിദ്യാർഥി സംഘർഷത്തെ തുടർന്ന് കോളജും ഹോസ്റ്റലും അനിശ്ചിതകാലത്തേക്ക് അടച്ചത്.
കഴിഞ്ഞ ബുധനാഴ്ച രാത്രി 11.20നായിരുന്നു സംഭവം. കോളെജിലെ അറബിക് വിഭാഗം അസി. പ്രഫസര്‍ ഡോ. കെ.എം. നിസാമുദ്ദീനെ ആക്രമിച്ച ഫ്രറ്റേണിറ്റി പ്രവര്‍ത്തകനെതിരേ പ്രതിഷേധിച്ചതിലുള്ള വിരോധമാണ് അക്രമസംഭവങ്ങള്‍ക്കു പിന്നിലെന്നാണ് പൊലീസ് പറയുന്നത്.
സംഘര്‍ഷത്തിനിടെ എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിക്കു വെട്ടേറ്റിരുന്നു. മൂന്നാം വര്‍ഷ ചരിത്രവിഭാഗം വിദ്യാര്‍ഥി പി.എ. അബ്‌ദുള്‍ നാസറിനാണു (21) വെട്ടേറ്റത്. ഒപ്പമുണ്ടായിരുന്ന രണ്ടാംവര്‍ഷ ഫിലോസഫി വിദ്യാര്‍ഥിനി അശ്വതിക്കും (20) മര്‍ദനമേറ്റിരുന്നു. സംഘര്‍ഷത്തില്‍ എസ്എഫ്ഐ ജില്ലാ പ്രസിഡന്‍റ് പ്രജിത് കെ. ബാബു, വൈസ് പ്രസിഡന്‍റ് ആഷിഷ് എസ്.ആനന്ദ്, കെഎസ്യു പ്രവർത്തകൻ മൊഹമ്മദ് ഇജ് ലാൻ തുടങ്ങിയർ അറസ്റ്റിൽ ആയിട്ടുണ്ട്.