23 January, 2024 04:27:23 PM


മാത്യു കുഴല്‍നാടന്‍ ഭൂമി കയ്യേറിയെന്ന വിജിലന്‍സ് കണ്ടെത്തല്‍ ശരിവച്ച് റവന്യു വകുപ്പ്



ഇടുക്കി: മാത്യു കുഴല്‍നാടന്‍ സര്‍ക്കാര്‍ ഭൂമിയായ 50 സെന്റ് കൈയേറിയ സംഭവത്തില്‍ വിജിലന്‍സ് കണ്ടെത്തല്‍ ശരിവെച്ച് റവന്യൂ വകുപ്പ്. മാത്യു കുഴല്‍നാടന്‍ സര്‍ക്കാര്‍ ഭൂമി കയ്യേറിയിട്ടുണ്ടെന്നും മാത്യുവിന്റെ കൈവശം പട്ടയത്തില്‍ ഉള്ളതിനേക്കാള്‍ 50 സെന്റ് ഭൂമി അധികം ഉണ്ടെന്നും റവന്യൂ വകുപ്പ് ശരിവെച്ചു. ഉടുമ്പന്‍ചോല ലാന്‍ഡ് റവന്യൂ തഹസീദാര്‍ ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി.

ചിന്നക്കനാലിൽ റിസോർട്ടിരിക്കുന്ന ഭൂമിയിൽ ആധാരത്തിലുള്ളതിനേക്കൾ 50 സെന്‍റ് ഭൂമി അധികമുണ്ടെന്നായിരുന്നു വിജിലൻസ് കണ്ടെത്തൽ. മാത്യു കുഴൽനാടന്‍റെ മൊഴിയെടുത്ത ശേഷമായിരുന്നു വിജിലൻസിന്‍റെ റിപ്പോർട്ട്. ഇതിന്‍റെ സ്ഥിരീകരണത്തിനായി വിജിലൻസ് സർവേ വിഭാഗത്തിന്‍റെ സഹായത്തോടെ സ്ഥലം അളന്നിരുന്നു. ഈ സർവേയിലാണ് അധിക ഭൂമി കൈവശമുണ്ടെന്ന് കണ്ടെത്തിയത്. 

മൂന്ന് ആധാരങ്ങളിലായി ഒരേക്കർ 23 സെന്‍റ് ഭൂമിക്കാണ് ആധാരമുള്ളത്. അധികമായി കൈവശം വച്ചിരിക്കുന്ന സ്ഥലത്തിന്‍റെ കാര്യത്തിൽ എന്ത് നടപടി സ്വീകരക്കണമെന്ന് നിർദ്ദേശിക്കണമെന്നാവശ്യപ്പെട്ടാണ് തഹസിൽദാർ ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകിയിരിക്കുന്നത്.

സ്ഥലം തിരികെ പിടിക്കാൻ ശുപാർശ നൽകുമെന്ന് വിജിലൻസും വ്യക്തമാക്കിയിരുന്നു. എന്നാൽ റിപ്പോർട്ട് കണ്ട ശേഷം പ്രതികരിക്കാമെന്നായിരുന്നു മാത്യു കുഴൽ നാടന്‍റെ പ്രതികരണം. കേസിൽ വിജിലന്‍സ് അഞ്ച് റവന്യു ഉദ്യോഗസ്ഥരുടെ മൊഴി അടുത്ത ദിവസം രേഖപ്പെടുത്തും. തുടർന്ന് നല്‍കുന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലായിരിക്കും എഫ്ഐആർ രജിസ്റ്റര്‍ ചെയ്ത് കേസെടുക്കണോയെന്ന് തീരുമാനിക്കുക.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K