24 January, 2024 10:21:54 AM
മൂന്നാറിൽ കാട്ടാനയുടെ ചവിട്ടേറ്റ് കോയമ്പത്തൂർ സ്വദേശി വയോധികന് ദാരുണാന്ത്യം
മൂന്നാര്‍: ഗുണ്ടുമലയ്ക്ക് സമീപം തെന്മലയില്‍ കാട്ടാന ആക്രമണത്തില്‍ തമിഴ്നാട് സ്വദേശി മരിച്ചു. കോയമ്പത്തൂര്‍ സ്വദേശി പാല്‍രാജ് (73) ആണ് മരിച്ചത്. ഇന്നലെ രാത്രി 9.45ഓടെ തെന്മല ലോവറിലുള്ള ക്ഷേത്രത്തിന് സമീപത്തെ മേരി എന്നയാളുടെ വീട്ടില്‍ വിവാഹത്തോട് അനുബന്ധിച്ചുള്ള രാത്രി ആഘോഷം നടക്കുന്നതിനിടെയാണ് സംഭവം.
വിവാഹത്തില്‍ പങ്കെടുക്കാന്‍ ബന്ധുക്കള്‍ക്കൊപ്പം എത്തിയതായിരുന്നു പാൽരാജ്. ആഘോഷങ്ങളുടെ ഭാഗമായി വലിയ ശബ്ദത്തില്‍ പാട്ട് വച്ചിരുന്നു. ഇതിനാല്‍ തന്നെ ഒറ്റയാന്‍ എത്തിയത് പലരും അറിഞ്ഞില്ലെന്നാണ് സംശയിക്കുന്നത്. മറ്റുള്ളവര്‍ ആനയെ കണ്ട് ഓടി രക്ഷപ്പെട്ടെങ്കിലും പ്രായാധിക്യത്തില്‍ പാൽരാജിന് വേഗത്തില്‍ ഓടിമാറാനായില്ലെന്നാണ് വിവരം.