15 April, 2025 02:11:52 PM


നേര്യമംഗലത്ത് കെ.എസ്.ആര്‍.ടി.സി ബസ് മറിഞ്ഞ് അപകടം; പെൺകുട്ടിക്ക് ദാരുണാന്ത്യം



ഇടുക്കി: നേര്യമംഗലത്ത് കെ.എസ്.ആര്‍.ടി.സി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് ഒരു മരണം. കട്ടപ്പന കീരിത്തോട് സ്വദേശിനിയായ അനീറ്റ ബെന്നിയാണ് (14) മരിച്ചത്. ഒൻപതാം ക്ലാസ് വിദ്യാർഥിനിയാണ്. ഇന്ന് രാവിലെ 11 മണിയോടുകൂടിയായിരുന്നു നേര്യമംഗലം മണിയാമ്പാറയിൽ വെച്ച് അപകടം ഉണ്ടാകുന്നത്. കട്ടപ്പനയിൽ നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ് ആണ് അപകടത്തിൽപ്പെട്ടത്.

റോഡ് സൈഡിലെ ക്രഷ് ബാരിയറിൽ ഇടിച്ചുകയറിയ ബസ് 10 അടി താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. ബസിലെ മുൻ സീറ്റിൽ ഇരിക്കുകയായിരുന്ന പെൺകുട്ടി ഗ്ലാസ്സിലൂടെ തെറിച്ചുവീഴുകയും പെൺകുട്ടിയുടെ ദേഹത്തുടെ ബസിന്റെ ടയർ കയറിയിറങ്ങുകയും ബസിനടിയിൽ കുടുങ്ങുകയുമായിരുന്നു. ഏറെ നേരത്തെ പരിശ്രമത്തിന് ശേഷമായിരുന്നു പെൺകുട്ടിയെ ബസിനടിയിൽ നിന്നും പുറത്തെത്തിച്ചത്. ആശുപത്രിയിലേക്ക് പോകും വഴി തന്നെ ജീവന്‍ നഷ്ട്ടമായിരുന്നു. 

റോഡിലെ വളവാണ് അപകടത്തിന് കാരണമായതെന്ന് നാട്ടുകാർ പറയുന്നു. പതിവായി അപകടം ഉണ്ടാകുന്ന വളവാണിത്. 20 ത് പേരായിരുന്നു ബസിനകത്ത് ഉണ്ടായിരുന്നത്. പരുക്കേറ്റവരെ കോതമംഗലം മാർ ബസോലിയസ് ആശുപത്രിയിലും കോതമംഗലം താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 940