04 December, 2023 08:27:45 PM
വളര്‍ത്തുപൂച്ച കടിച്ചതിനു പിന്നാലെ പേവിഷബാധ; അധ്യാപകനും മകനും മരിച്ചു
ലക്നൗ: ഉത്തർപ്രദേശിലെ കാൺപൂരിലാണ് സംഭവം നടന്നത്. 58കാരനായ ഇംതിയാസുദ്ദീനും 24 വയസ്സുള്ള മകന്‍ അസീം അക്തറുമാണ് മരിച്ചത്. തെരുവ് നായയുടെ കടിയേറ്റതോടെയാണ് പൂച്ചയ്ക്ക് പേവിഷബാധയുണ്ടായത്.പൂച്ചയെ നായ കടിച്ചത് വീട്ടുകാര്‍ കാര്യമായിട്ടെടുത്തിരുന്നില്ല. നോയിഡയില്‍ ജോലി ചെയ്യുന്ന അസീം വീട്ടിലെത്തിയപ്പോഴാണ് പൂച്ചയുടെ കടിയേറ്റത്. പൂച്ചയ്ക്ക് പേവിഷ ബാധയുണ്ടെന്ന് അറിഞ്ഞിരുന്നില്ല. അതിനാല്‍ പേവിഷബാധയ്‌ക്കെതിരായ വാക്‌സിന് പകരം മുറിവുണങ്ങാനുള്ള കുത്തിവെപ്പാണ് എടുത്തത്. അതിനിടെ പൂച്ച ചത്തുപോയെങ്കിലും പേവിഷ ബാധ എന്ന സംശയം വീട്ടുകാര്‍ക്ക് തോന്നിയതേയില്ല.
നവംബർ 21 ന് കുടുംബം ഭോപ്പാലിലേക്ക് ഒരു വിവാഹത്തിൽ പങ്കെടുക്കാൻ പോയി. അസീമിന്റെ ആരോഗ്യനില അപ്പോഴേക്കും വഷളാകാൻ തുടങ്ങി. ഭോപ്പാലിലെ പ്രാഥമിക ചികിൽസയ്ക്കു ശേഷം നവംബർ 25ന് കാൺപൂരിലേക്ക് കൊണ്ടുവരുമ്പോഴാണ് അസീമിന്‍റെ മരണം സംഭവിച്ചത്. നവംബർ 29 ന് രാത്രി ഇംതിയാസുദ്ദീന്റെ ആരോഗ്യവും വഷളാകാൻ തുടങ്ങി, അദ്ദേഹത്തെ സൈഫായിലെ ഉത്തർപ്രദേശ് മെഡിക്കൽ സയൻസസിലേക്ക് കൊണ്ടുവന്നു. ചികിത്സക്കിടെ അദ്ദേഹവും മരിച്ചു.