23 April, 2025 11:30:57 AM
മുത്തശ്ശി വിറകുവെട്ടുന്നതിനിടെ അരികിലെത്തിയ ഒന്നര വയസ്സുകാരൻ വാക്കത്തി കൊണ്ട് വെട്ടേറ്റ് മരിച്ചു

കണ്ണൂര്‍: മുത്തശ്ശി വിറകുവെട്ടുന്നതിനിടെ അബദ്ധത്തിൽ വെട്ടേറ്റ് ഒന്നരവയസ്സുകാരൻ മരിച്ചു. പൂവഞ്ചാലിലെ മച്ചിനി വിഷ്ണു കൃഷ്ണന്റെയും പ്രിയയുടെയും മകന്‍ ദയാല്‍ ആണ് മരിച്ചത്. ആലക്കോട് കോളിനഗറിലാണ് സംഭവം. മുത്തശ്ശി പുലിക്കിരി നാരായണി (80) വാക്കത്തി ഉപയോഗിച്ച് വിറകുവെട്ടുന്ന സമയത്ത് സമീപത്ത് കളിക്കുകയായിരുന്നു കുട്ടി. കുഞ്ഞ് പുറകിൽ വന്ന് നിന്നത് മുത്തശ്ശി അറിഞ്ഞിരുന്നില്ലെന്നാണ് വിവരം. വാക്കത്തി ആഞ്ഞു വീശിയപ്പോൾ അബദ്ധത്തിൽ പിന്നിൽ നിന്ന കുഞ്ഞിന്റെ തലയിൽ കൊള്ളുകയായിരുന്നു.
നാരായണിക്ക് കാഴ്ചപരിമിതിയുണ്ട്. ഒരു കണ്ണിന് പൂര്‍ണമായും കാഴ്ചയില്ല. പ്രിയയുടെ വീട്ടിലായിരുന്നു സംഭവം നടന്നത്. ഉടൻ കുഞ്ഞിനെ ആലക്കോട്ടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. നാലുവയസ്സുകാരി ദീക്ഷിത സഹോദരിയാണ്. മൃതദേഹം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മൊഴിയെടുത്തശേഷം ബോധപൂര്‍വമല്ലാത്ത നരഹത്യക്ക് നാരായണിയുടെ പേരില്‍ കേസെടുക്കുമെന്ന് പോലീസ് പറഞ്ഞു. സംസ്‌കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പില്‍ നടക്കും.