05 December, 2023 09:58:30 AM
വായ്പാ തട്ടിപ്പുകേസ്; ഹീരാ കൺസ്ട്രക്ഷൻസ് എംഡി ഇഡി അറസ്റ്റിൽ
കൊച്ചി: വായ്പാ തട്ടിപ്പുകേസില്‍ ഹീരാ കണ്‍സ്ട്രക്ഷന്‍സ് എം ഡി അബ്ദുൽ റഷീദിനെ (ഹീരാ ബാബു) ഇഡി അറസ്റ്റ് ചെയ്തു. എസ്ബിഐയില്‍ നിന്നും 14 കോടി വായ്പയെടുത്ത് വഞ്ചിച്ചെന്ന കേസിലാണ് അറസ്റ്റ്. ആക്കുളത്തെ ഫ്ലാറ്റ് സമുച്ചയ നിർമാണത്തിനാണ് 2013ലാണ് വായ്പ എടുത്തത്. ഫ്ലാറ്റുകള്‍ വിറ്റുപോയെങ്കിലും വായ്പ തിരിച്ചടച്ചില്ലെന്ന് പരാതിയില്‍ വ്യക്തമാക്കുന്നു.
കേസുമായി ബന്ധപ്പെട്ട് സിബിഐ നേരത്തെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് ഇ ഡിയും കേസെടുത്തത്. കഴിഞ്ഞ ഫെബ്രുവരിയില്‍ ഹീരാ ഗ്രൂപ്പിന്റെ വിവിധ സ്ഥാപനങ്ങളിൽ ഇ ഡി റെയ്ഡും നടത്തിയിരുന്നു. കമ്പ്യൂട്ടർ ഉപകരണങ്ങൾ ഉള്‍പ്പെടെ റെയ്ഡിൽ പിടിച്ചെടുത്തു.
ഇഡി കൊച്ചി യുണിറ്റാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റ് ചെയ്ത അബ്ദുൽ റഷീദിനെ കൊച്ചിയിലെ ഇ ഡി ഓഫീസിലെത്തിച്ചു. ഉച്ചയോടെ ഇയാളെ കോടതിയില്‍ ഹാജരാക്കും. കേസില്‍ കൂടുതല്‍ ആളുകളുടെ പങ്ക് അന്വേഷിച്ചു വരികയാണെന്ന് ഇഡി ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു. എസ്ബിഐയുടെ പരാതിയിലാണ് ഇഡി കേസെടുത്തത്.
ഫ്ലാറ്റ് തട്ടിപ്പ് കേസിൽ നേരത്തെ മ്യൂസിയം പൊലീസും ഹീര ബാബുവിനെ അറസ്റ്റ് ചെയ്തിരുന്നു. ഫ്ലാറ്റുടമകള്‍ അറിയാതെ അവിടെ രേഖകള്‍ ബാങ്കിൽ പണപ്പെടുത്തി പണം തട്ടിയെന്ന പരാതിയിലാണ് കേസെടുത്തത്. നിരവധി പൊലീസ് സ്റ്റേഷനുകളിൽ ഹീര ഗ്രൂപ്പിനെതിരെ ഫ്ലാറ്റ് തട്ടിപ്പിന് കേസുണ്ട്.