27 January, 2024 12:38:26 PM
ഡൽഹി എസിപിയുടെ മകനെ കൊന്ന് കനാലിൽ തള്ളി; ഒരാൾ അറസ്റ്റിൽ
ന്യൂഡൽഹി: ഡൽഹി പൊലീസ് അസിസ്റ്റന്‍റ് കമ്മിഷണറുടെ മകനെ കൊലപ്പെടുത്തി കനാലിൽ തള്ളിയ കേസിൽ ഒരാൾ പിടിയിൽ. അസിസ്റ്റന്‍റ് കമ്മിഷണർ യഷ്പാലിന്‍റെ മകനും ഡൽഹിയിലെ ടിസ് ഹസാരി കോടതിയിലെ അഭിഭാഷകനുമായ ലക്ഷ്യ ചൗഹാനെയാണ് സുഹൃത്തുക്കൾ ചേർന്ന് കൊലപ്പെടുത്തിയത്.
കേസിൽ ലക്ഷ്യയുടെ സഹപ്രവർത്തകനും അഭിഭാഷകനുമായ അഭിഷേകാണ് പിടിയിലായത്. പ്രധാന പ്രതിക്കു വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. കോടതിയിലെ ക്ലർക്കും സുഹൃത്തുമായ വികാസ് ഭരദ്വാജിൽ നിന്ന് ലക്ഷ്യം പണം കടം വാങ്ങിയിരുന്നു. പണം തിരികെ കൊടുക്കാൻ ലക്ഷ്യ വിസമ്മതിച്ചത് വൈരാഗ്യത്തിന് കാരണമായി.
ജനുവരി 22ന് ബന്ധുവിന്‍റെ വിവാഹത്തിനായി ഹരിയാനയിലേക്ക് പോയ ലക്ഷ്യയ്ക്കൊപ്പം വികാസും മറ്റൊരു സുഹൃത്തായ അഭിഷേകും പോയിരുന്നു. തിരികെ വരുന്നതിനിടെ മുൻ കൂട്ടി ആസൂത്രണം ചെയ്തതിനനുസരിച്ച് ഇരുവരും ചേർന്ന് ലക്ഷ്യയെ മർദിച്ച് കൊലപ്പെടുത്തി മൃതദേഹം കനാലിൽ തള്ളുകയായിരുന്നു.
മകനെ കാണാനില്ലെന്ന് കാണിച്ച് എസിപി നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് കൊലപാതകം തെളിഞ്ഞത്. മൃതദേഹം ഒരു കനാലിൽ നിന്ന് കണ്ടെടുത്തു.