28 January, 2024 03:18:33 PM


കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് വൻ ഓൺലൈൻ തട്ടിപ്പ്; തിരുവനന്തപുരം സ്വദേശിക്ക് നഷ്ടമായത് രണ്ടരക്കോടി രൂപ



തിരുവനന്തപുരം: മുംബൈ പൊലിസ് ചമഞ്ഞ് തിരുവനന്തപുരം സ്വദേശിയെ ഭീഷണിപ്പെടുത്തി രണ്ടരക്കോടി തട്ടിയെ കേസിലെ പ്രതിക്ക് സ്വർണ-വജ്ര വ്യാപാരത്തിലുള്ളത് 60 കോടിയുടെ നിക്ഷേപം. ഓൺലൈൻ തട്ടിപ്പുകാർക്ക് സ്വർണ കച്ചവടത്തിലും- ഓഹരി വ്യാപരത്തിലുമുള്ളത് കോടികളുടെ നിക്ഷേപമാണെന്നാണ് കണ്ടെത്തൽ.

നിങ്ങളുടെ വിലാസത്തിൽ വന്ന ഒരു കൊറിയറിൽ മുംബൈ കസ്റ്റംസ് എംഡിഎംഎ പിടികൂടി. നിങ്ങളെ അറസ്റ്റ് ചെയ്യുന്നതിന് മുമ്പായി ചോദ്യം ചെയ്യണം. ചോദ്യം ചെയ്യൽ ഓൺലൈനായാണ്. യൂണിഫോം ധരിച്ച ഒരാൾ വൈകാതെ വീഡിയോ കോളിലെത്തും. ഇങ്ങനെയായിരുന്നു ഫെഡെക്സ് സ്കാമിലൂടെ തട്ടിപ്പിനിരയായ തിരുവനന്തപുരം സ്വദേശിക്ക് വന്ന സന്ദേശം. വിദഗ്ദമായി ബാങ്ക് വിവരങ്ങൾ വരെ ഇവർ ചോദിച്ചറിയും. പിന്നാലെ അക്കൗണ്ട് കാലിയാകുമ്പോഴാണ് തട്ടിപ്പ് തിരിച്ചറിയുക. 

തിരുവനന്തപുരം സ്വദേശിക്ക് നഷ്ടമായത് രണ്ടര കോടിയാണ്. വലയിലാക്കുന്ന വ്യക്തിയുടെ ആധാർ അക്കൗണ്ട് നമ്പർ വരെ മനസ്സിലാക്കിയാണ് വിളിക്കുന്നത്. തിരുവനന്തപുരം സ്വദേശിയിൽ നിന്ന് തട്ടിയെടുത്ത പണം ആദ്യം പോയത് രാജസ്ഥാൻ സ്വദേശിയുടെ അക്കൗണ്ടിലേക്കാണ്.

ടാക്സി ഡ്രൈവറായ അക്കൗണ്ട് ഉടമയെ രാജസ്ഥാനിൽ നിന്ന് സൈബർ പൊലീസ് പിടികൂടി. ഒരു അക്കൗണ്ട് തുടങ്ങി പണം വാങ്ങി വിറ്റതല്ലാതെ മറ്റൊന്നും അറിയില്ലെന്നായിരുന്നു ഇയാളുടെ മൊഴി. ഒടുവിൽ മുംബൈയിൽ നിന്ന് തട്ടിപ്പിന്റെ മുഖ്യകണ്ണി കേശവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തട്ടിപ്പിലൂടെ നേടിയ കോടികളാണ് ഇയാളുടെ അക്കൗണ്ടിലൂടെ ഒഴുകിയത്.

തട്ടിയെടുത്ത പണം എവിടേക്ക് പോയെന്നതിന് തെളിവുണ്ടാകാതിരിക്കാൻ സ്വർണ വജ്രവ്യാപരത്തിലും ഓഹരിവിപണിയിലും നിക്ഷേപിക്കും.സ്വയം തൊഴിൽ സംരഭങ്ങൾക്കെന്ന വ്യാജേന ഉത്തരേന്ത്യയിൽ നിരവധിപ്പേരെകൊണ്ട് അക്കൗണ്ടുകൾ തുടങ്ങിയാണ് തട്ടിപ്പ് സംഘത്തിന്റെ ഇടപാടുകൾ. അതുകൊണ്ട് തന്നെ അന്വേഷണമുണ്ടായാലും സംഘത്തിലെ പ്രധാനികളിലേക്ക് എത്താൻ വൈകും. തട്ടിപ്പ് നടത്താൻ മുംബൈയിൽ ഒരു കോൾ സെന്റർ വരെ ഇവർക്കുണ്ടായിരുന്നുവെന്നാണ് പൊലീസിന് കിട്ടിയ വിവരം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K