29 January, 2024 06:53:39 PM
വ്യാജ തിരിച്ചറിയൽ കാർഡ് കേസ്: മുഖ്യപ്രതി ജെയ്സൺ കീഴടങ്ങി
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മിച്ച മുഖ്യപ്രതി കീഴടങ്ങി. യൂത്ത് കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിൽ വ്യാജ തിരിച്ചറിയൽ കാർഡ് നിര്‍മ്മിച്ച മുഖ്യപ്രതി ജെയ്സണാണ് കീഴടങ്ങിയത്. കാസർഗോഡ് സ്വദേശിയായ ജെയ്സൺ ഈസ്റ്റ് ഇലേരി മണ്ഡലം വൈസ് പ്രസിഡന്റാണ്.
കീഴടങ്ങിയ ശേഷം അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയക്കാം എന്ന കോടതി നിർദ്ദേശത്തെ തുടർന്നാണ് ജെയ്സൺ കീഴടങ്ങിയത്. കേസിലെ മുഖ്യപ്രതിയായ ജെയ്സണെ ആപ്ലിക്കേഷൻ നിർമ്മിക്കാൻ സഹായിച്ച കാഞ്ഞങ്ങാട് സ്വദേശി രാകേഷ് അരവിന്ദിനെ നേരത്തേ തിരുവനന്തപുരം മ്യൂസിയം പൊലീസ് അറസ്റ്റുചെയ്തതിരുന്നു.
സി ആര്‍ കാർഡ് എന്ന ആപ്പ് ഉപയോഗിച്ചാണ് ജെയ്സൻ വ്യാജ തിരച്ചറിയൽ കാർഡുകൾ നിർമ്മിച്ചത്. യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിന് വേണ്ടി മാത്രമാണ് ആപ്ലിക്കേഷൻ നിർമ്മിച്ചതെന്നും താനാണ് ആപ്പ് നിര്‍മ്മിക്കാന്‍ നിര്‍ദേശം നല്‍കിയതെന്നും ജെയ്സണ്‍ നേരത്തെ മൊഴി നല്‍കിയിരുന്നു.
അഡീഷണല്‍ ചീഫ് ഇലക്ടറൽ ഓഫീസര്‍ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം മ്യൂസിയം പൊലീസ് കേസെടുത്തത്. ഐപിസി 465, 468, 471 വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്.