31 January, 2024 12:07:32 PM
സെപ്റ്റിക് ടാങ്കിൽ ആനക്കുട്ടി വീണു; ശ്രമകരമായ ദൗത്യത്തിനൊടുവില്‍ രക്ഷപ്പെടുത്തി
തൃശൂര്‍: സെപ്റ്റിക് ടാങ്കില്‍ വീണ ആനക്കുട്ടിയെ ശ്രമകരമായ ദൗത്യത്തിനൊടുവില്‍ രക്ഷപ്പെടുത്തി. ഏറെ നേരത്തെ ശ്രമങ്ങള്‍ക്കൊടുവില്‍ ആനക്കുട്ടിയെ പുറത്തെത്തിച്ചു. ആതിരപ്പിള്ളി പ്ലാന്‍റേഷന്‍ കോര്‍പറേഷന്‍റെ സെപ്റ്റിക് ടാങ്കിലാണ് കാട്ടാനക്കൂട്ടത്തോടൊപ്പം പോകുന്നതിനിടയിൽ ആനക്കുട്ടി വീണത്.
സംഭവത്തെതുടര്‍ന്ന് ഇതിനു സമീപത്തായി കാട്ടാനക്കൂട്ടവും നിലയുറപ്പിച്ചിരുന്നു. രാവിലെയാണ് ആനക്കുട്ടിയെ ടാങ്കില്‍നിന്ന് പുറത്ത് കയറ്റാനുള്ള ശ്രമം ആരംഭിച്ചത്. സമീപത്തായി കാട്ടാന കൂട്ടം നിലയുറപ്പിച്ചതിനാല്‍ തന്നെ വളരെ ജാഗ്രതയോടെയാണ് രക്ഷാപ്രവര്‍ത്തനം നടന്നത്. വനംവകുപ്പ് ഉദ്യോഗസ്ഥരാണ് വിവരം അറിഞ്ഞ് ആദ്യം സ്ഥലത്തെത്തിയത്. തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തിനായി ആര്‍ആര്‍ടി സംഘത്തിന്‍റെ സഹായം തേടി.
ആര്‍ആര്‍ടി സംഘം സ്ഥലത്തെത്തി ആനക്കുട്ടിയെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുകയായിരുന്നു. ആതിരപ്പിള്ളി പ്ലാന്‍റേഷന്‍ കോര്‍പ്പറേഷന്‍ ഒമ്പതാം ബ്ലോക്കിലാണ് സംഭവം. സെപ്റ്റിക് ടാങ്കിന്‍റെ സ്ലാബ് തകര്‍ന്നാണ് ആനക്കുട്ടി കുഴിയിലേക്ക് വീണത്. താഴ്ചയുള്ള കുഴിയായതിനാല്‍ തന്നെ ആനക്കുട്ടിക്ക് പുറത്തേക്ക് കടക്കാനായില്ല.
ആര്‍ആര്‍ടി സംഘം കൊണ്ടുവന്ന വൃത്താകൃതിയിലുള്ള നെറ്റ് താഴേക്ക് ഇട്ടശേഷം ആനക്കുട്ടിയെ അതിനുള്ളിലാക്കി പുറത്തേക്ക് എത്തിക്കുകയായിരുന്നു. പുറത്ത് എത്തിച്ചശേഷം നെറ്റിന്‍റെ കെട്ട് അഴിച്ച് ആനക്കുട്ടിയെ തുറന്നുവിട്ടു. രക്ഷപ്പെടുത്തിയ ആനക്കുട്ടി മറ്റു കാട്ടാന കൂട്ടത്തിനൊപ്പം ചേര്‍ന്നു.