31 January, 2024 01:43:59 PM


രണ്ടാംയാമം: അഞ്ച് സംവിധായകരുടെ സമാഗമത്തിന് വേദിയാകുന്നു



പാലക്കാട്: മലയാള സിനിമയിലെ അഞ്ചു സംവിധായകരുടെ സാന്നിധ്യത്തിന് വഴിയൊരുങ്ങിയിരിക്കുന്നത് നേമം പുഷ്പരാജ് സംവിധാനം ചെയ്യുന്ന രണ്ടാംയാമം എന്ന ചിത്രത്തിലാണ്. പാലക്കാട്ടെ മണ്ണാർകാട്ടും, പരിസരങ്ങളിലുമായി ചിത്രീകരണം പുരോഗമിക്കുന്ന ഈ ചിത്രത്തിൻ്റെ ഛായാഗ്രാഹകനായ അഴകപ്പൻ ദുൽക്കർ സൽമാൻ നായകനായ പട്ടം പോലെ എന്ന ചിത്രത്തിൻ്റെ സംവിധായകനാണ്.

രാജസേനനാണ് മറ്റൊരു സംവിധായകൻ. രാജസേനന് ഒരു വിശേഷണത്തിൻ്റെ ആവശ്യമില്ല. നിരവധി ഹിറ്റ് ചിത്രങ്ങൾ ഒരുക്കി  സജീവമായി സംവിധാന രംഗത്തു തുടരുന്ന രാജസേനൻ ഇപ്പോൾ അഭിനയ രംഗത്തും ഏറെ സജീവമാണ്. നാടകങ്ങളിൽ സജീവമായി അഭിനയിച്ചു കൊണ്ടാണ് രാജസേനൻ ചലച്ചിത്ര രംഗത്തേക്കു കടക്കുന്നത്. വി.കെ.പ്രകാശ് ഉൾപ്പടെ പ്രമുഖ സംവിധായകരുടെ ചിത്രങ്ങളിൽ ഇതിനകം അഭിനയിച്ചു കഴിഞ്ഞു. നല്ലൊരു ഗായകൻ കൂടിയാണ് രാജസേനൻ.ഈ ചിത്രത്തിൽ മികച്ച ഒരു കഥാപാത്രത്തെയാണ് രാജസേനൻ അവതരിപ്പിക്കുന്നത്.

ഈ ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാതത്തെ അവതരിപ്പിക്കുന്ന ജോയ് മാത്യുവാണ് മറ്റൊരു സംവിധായകൻ. കലാപരവും സാമ്പത്തികവുമായ വലിയ വിജയം നേടിയ ഷട്ടർ എന്ന ചിത്രം സംവിധാനം ചെയ്തത് ജോയ് മാത്യുവാണ്. ഈ ചിത്രത്തിലെ ഉണ്ണികൃഷ്ണൻ നമ്പൂതിരി എന്ന കേന്ദ്രകഥാപാത്രത്തെയാണ് ജോയ് മാത്യു അവതരിപ്പിക്കുന്നത്.

ഷിബു ഗംഗാധരനാണ് മറ്റൊരു സംവിധായകൻ. മമ്മുട്ടി നായകനായ 'പ്രയ്സ് ദി ലോർഡ്,: സുരേഷ് ഗോപി നായകനായ രുദ്ര സിംഹാസനം, എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത ഷിബു ഗംഗാധരനാണ് ഈ ചിത്രത്തിൻ്റെ മുഖ്യ സംവിധാന സഹായിയായി പ്രവർത്തിക്കുന്നത്.  അങ്ങനെ പ്രതിഭകളായ അഞ്ചു സംവിധായകരുടെ സമാഗമത്തിലൂടെയും നേമം പുഷ്പരാജ് സംവിധാനം ചെയ്യുന്ന രണ്ടാം യാമം എന്ന ചിത്രം ഏറെ ശ്രദ്ധയാകർഷിക്കപ്പെടുന്നതാണ്.


ആചാരാനഷ്ടാനങ്ങളിലും വിശ്വാസങ്ങളിലും. നിഷ്കർഷ പുലർത്തുന്ന ഒരു യാഥാസ്ഥിതിക നമ്പൂതിരി കുടുംബത്തിൻ്റെ ഉള്ളറകളിലേക്കാണ് നേമം പുഷ്പരാജ് രണ്ടാം യാമത്തിലൂടെ കടന്നു ചെല്ലുന്നത്. ഈ തറവാട്ടിലെ ഇരുട്ടകളായ രണ്ടു സഹോദരങ്ങളുടെ ആശയസംഘർഷങ്ങളാണ് സംഭവ ബഹുലമായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്.
ധ്രുവനും ഗൗതം കൃഷ്ണയുമാണ് ഈ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മുൻ നായിക രേഖ, സുധീർ കരമന, ഷാജു ശ്രീധർ, ജഗദീഷ് പ്രസാദ്, ദിവ്യശ്രീ, ഹിമാശങ്കരി, അംബികാ മോഹൻ, രശ്മി സജയൻ ,പാലം പ്രസാദ്, കല്ലയം കൃഷ്ണദാസ്, എന്നിവരും പ്രധാന കഥാപാത്രങ്ങളിലെത്തുന്നു. സസ്വികയാണ് നായിക.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 942