18 February, 2024 03:10:39 PM
പാലക്കാട് ധോണിയിൽ പുലിയിറങ്ങി; പശുവിനെ കൊന്നു
പാലക്കാട് ധോണിയില്‍ ജനവാസ മേഖലയില്‍ വീണ്ടും പുലിയിറങ്ങി. ധോണി മൂലപ്പാടത്താണ് പുലര്‍ച്ചെയാണ് പുലി ഇറങ്ങിയത്. ജനവാസ മേഖലയില്‍ ഇറങ്ങിയ ഒരു പശുക്കിടാവിനെയും കടിച്ചുകൊന്നു. ഇന്ന് പുലര്‍ച്ചെ 5:30 ഓടെ ആണ് ധോണി മൂലപാടത്ത് പുലിയെ കണ്ടത്.
ജനവാസ മേഖലയില്‍ ഇറങ്ങിയ പുലി പ്രദേശവാസിയായ ഷംസുദ്ദീന്റെ പശുക്കിടാവിനെ ആക്രമിച്ച് കൊന്നു. പുലര്‍ച്ചെ പശുക്കിടാവിന്റെ ശബ്ദം കേട്ടാണ് ഉണര്‍ന്നതെന്നും തൊഴുത്തില്‍ പശുവിനെ കാണാതായതോടെ നടത്തിയ തെരച്ചിലിനിടെയാണ് പുലിയെ കണ്ടതെന്നും ഷംസുദ്ദീന്‍ പറയുന്നു.
വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചെങ്കിലും ആരും തിരിഞ്ഞ് നോക്കിയില്ലെന്നാണ് ഷംസുദ്ദീന്റെ പരാതി. ഒന്നരമാസം മുന്‍പും പ്രദേശത്ത് പുലിയിറങ്ങി ഷംസുദ്ദീന്റെ നായയെ കൊന്നിരുന്നു. അന്ന് കൂടുള്‍പ്പെടെ സ്ഥാപിക്കാത്തതാണ് വീണ്ടും പുലി എത്താന്‍ കാരണമെന്നാണ് ഉയരുന്ന ആരോപണം.
ഏതാനം ദിവസം മുന്‍പ് പ്രദേശത്തെ അങ്കണവാടിക്ക് സമീപത്തെ വീട്ടിലും പുലിയെത്തിയിരുന്നു. ജനവാസ മേഖലയിലെ വന്യജീവി ആക്രമണം തടയാന്‍ അടിയന്തര നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അതേസമയം പാലക്കാട് അട്ടപ്പാടി ജനവാസ മേഖലയില്‍ കാട്ടാനിയിറങ്ങി. അട്ടപ്പാടി വട്ടുലക്കി ഊരിന് സമീപമാണ് കാട്ടാനയിറങ്ങിയത്. പുലര്‍ച്ചെ ഒരു മണിയോടെ ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടാനയെ നാട്ടുകാര്‍ പടക്കം പൊട്ടിച്ചാണ് തുരത്തിയത്.