24 February, 2024 07:35:58 PM


ചൂട് പ്രതിരോധം: സര്‍ക്കാര്‍ ഓഫീസുകളില്‍ ഫയര്‍ ഓഡിറ്റിനുള്ള നടപടി സ്വീകരിക്കണം



പാലക്കാട്: വേനല്‍ കടുക്കുന്ന സാഹചര്യത്തില്‍ ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ഫയര്‍ ഓഡിറ്റിനുളള നടപടി സ്വീകരിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. അമിതമായ ചൂടും മറ്റും മൂലം ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ്. ഇതുമൂലം ഫയലുകളും മറ്റും നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാവരുതെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. സബ് ഓഫീസുകളിലും ആവശ്യമായ നിര്‍ദ്ദേശം നല്‍കണം. കെ.എസ്.ഇ.ബി നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ കലക്ടര്‍ യോഗത്തില്‍ ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയത്.

വേനല്‍ കനക്കുന്ന സാഹചര്യത്തില്‍ ജലക്ഷാമം മുന്നില്‍ കണ്ട് നടപടികള്‍ സ്വീകരിക്കണമെന്ന് യോഗം വിലയിരുത്തി. ഓങ്ങല്ലൂര്‍-വല്ലപ്പുഴ മേഖലകളിലെ ജലക്ഷാമം പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് മുഹമ്മദ് മുഹ്‌സിന്‍ എം.എല്‍.എ ആവശ്യപ്പെട്ടു. നിലവില്‍ പൈപ്പിട്ട സ്ഥലങ്ങളില്‍ കുടിവെള്ളം ലഭ്യമാക്കണം. മീങ്കര ഡാമില്‍ കുടിവെള്ളത്തിനുള്ള കരുതല്‍ ശേഖരം എത്രയുണ്ടെന്ന് കൃത്യമായി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിക്കണമെന്ന് ജില്ല കലക്ടര്‍ നിര്‍ദ്ദേശിച്ചു. മീങ്കര ഡാമില്‍ കൃഷിക്കും കുടിവെള്ളത്തിനും ആവശ്യമായ ജലം ഉറപ്പാക്കണമെന്ന് രമ്യ ഹരിദാസ് എംപിയുടെ പ്രതിനിധി സൂചിപ്പിച്ചതിനെ തുടര്‍ന്നാണ് ജില്ലാ കലക്ടറുടെ നിര്‍ദ്ദേശം. പറമ്പിക്കുളം-ആളിയാര്‍ ഡാമില്‍നിന്നും അര്‍ഹതപ്പെട്ട വെള്ളം ലഭിക്കുന്നതിനായി സര്‍ക്കാര്‍തലത്തിലും ജില്ലാതലത്തിലും ഇടപെടലുകള്‍ നടത്തേണ്ടതാണെന്ന് യോഗം വിലയിരുത്തി. വിഷയം അടിയന്തരമായി വാട്ടര്‍ സോഴ്‌സ് സെക്രട്ടറിയുടെ ശ്രദ്ധയില്‍പ്പെടുത്തണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.

കുലുക്കല്ലൂര്‍ പഞ്ചായത്തില്‍ എസ്.സി പഠനമുറിയ്ക്ക് അപേക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന പ്രശ്‌നം പരിഹരിക്കണമെന്നും കെ.ആര്‍.എഫ്.ബി റോഡ് അരിക് വീതി കൂട്ടുന്നതിന് നടപടി വേണമെന്നും പാലക്കാട്, മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന കുലുക്കല്ലൂര്‍ കട്ടുപ്പാറപാലം ബസ് സ്റ്റോപ്പുമായി ബന്ധപ്പെട്ട യാത്രക്കാരുടെ പ്രശ്‌നം പരിഹരിക്കണമെന്നും മുഹമ്മദ് മൂഹ്‌സിന്‍ എം.എല്‍.എ ആവശ്യമുന്നയിച്ചു. കുന്നങ്കാട്- കൊന്നക്കല്‍ കടവ് ബിം.എം ആന്‍ഡ് ബി.സി റോഡ് നിര്‍മാണം ആരംഭിക്കുന്നതിന് ജല്‍ജീവന്‍ മിഷനുമായി ബന്ധപ്പെട്ട പ്രവൃത്തി എത്രയും വേഗം പൂര്‍ത്തിയിക്കണമെന്ന് കെ.ഡി പ്രസേനന്‍ എം.എല്‍.എ ആവശ്യപ്പെട്ടു. കോവിഡ് കാലത്ത് നിര്‍ത്തിവച്ച പാലക്കുഴി കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസ് പുനരാരംഭിക്കണമെന്നും എം.എല്‍.എ യോഗത്തില്‍ ആവശ്യപ്പെട്ടു. ആലത്തൂര്‍ താലൂക്ക് കിഴക്കഞ്ചേരി വില്ലേജിലുള്ള യു.ടി.ടി കമ്പനിയില്‍ നിന്നും ഏറ്റെടുത്ത മിച്ച ഭൂമി ഒരേക്കരില്‍ താഴെ ഭൂമി കൈവശമുള്ള ഇനിയും പട്ടയം ലഭിക്കാനുള്ളവര്‍ക്ക് പട്ടയം നല്‍കണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു.
 
ജില്ലയില്‍ ഇതുവരെ 2023-24 രണ്ടാം വിള 3169.853 മെട്രിക് ടണ്‍ നെല്ല് സംഭരിച്ചതായി പാഡി മാര്‍ക്കറ്റിങ് ഓഫീസര്‍ അറിയിച്ചു. 58,862 കര്‍ഷകരാണ് ആകെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയിട്ടുള്ളത്. 2022-23 രണ്ടാം വിള നെല്ല് സംഭരിച്ച കര്‍ഷകരില്‍ നാളിതുവരെ പി.ആര്‍.എസ് തുക കൈപറ്റാത്ത 1218 കര്‍ഷകര്‍ക്ക് 8.32 കോടി രൂപ നല്‍കാനുണ്ട്. മരണപ്പെട്ടവര്‍, മൈനര്‍, എന്‍.ആര്‍.ഐ വിഭാഗത്തില്‍ വരുന്നവര്‍ക്ക് അവര്‍ രജിസ്റ്റര്‍ ചെയ്ത അക്കൗണ്ടിലേക്ക് നേരിട്ട് ഫണ്ട് നല്‍കുന്നുണ്ട്. 2022-23 രണ്ടാം വിള പി.ആര്‍.എസ് തുക എടുക്കാനുള്ള അവസാന തീയതി നവംബര്‍ 10 ആയിരുന്നു. ഇനിയും തുക കൈപറ്റാന്‍ താത്പര്യമുള്ള കര്‍ഷകര്‍ക്ക് എസ്.ബി.ഐ/കാനറാ ബാങ്ക് വഴി തുക അനുവദിച്ചു കൊടുക്കും. 2023-24 ഒന്നാം വിളയുടെ തുക വിതരണം നടന്നുകൊണ്ടിരിക്കുന്നു. 80 ശതമാനം കര്‍ഷകര്‍ക്കും പി.ആര്‍.എസ് ആയി തുക അനുവദിച്ചു. ശേഷിക്കുന്ന 20 ശതമാനം കര്‍ഷകര്‍ ബാങ്കിനെ സമീപിക്കണമെന്നും പാഡി മാര്‍ക്കറ്റിങ് ഓഫീസര്‍ പറഞ്ഞു. കര്‍ഷകര്‍ക്ക് നെല്ലിന്റെ വില വേഗത്തില്‍ ലഭ്യമാക്കണമെന്ന  എം.എല്‍.എമാരായ കെ. ബാബു, എ. പ്രഭാകരന്‍, കെ.ഡി പ്രസേനന്‍,  മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ പ്രതിനിധി വിനോദ് ബാബു എന്നിവര്‍ സൂചിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് സംഭരണതുകയുടെ നിലവിലെ സ്ഥിതി വിശദമാക്കിയത്.

അട്ടപ്പാടിയിലെ കടുകുമണ്ണ, മുരുഗള ഊരുകളിലെ 17 വീടുകളില്‍ വൈദ്യുതീകരണം പൂര്‍ത്തീകരിക്കാനുണ്ട്. ഒരാഴ്ചക്കകം പൂര്‍ത്തീകരിക്കുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അറിയിച്ചു. മുരുഗള ഊരിലെ ഒമ്പത് വീടുകളില്‍ പ്രവര്‍ത്തി തുടങ്ങിയിട്ടില്ല. മുതലമട ഗ്രാമപഞ്ചായത്തിലെ തേക്കടി അല്ലി മൂപ്പന്‍, കുരിയാര്‍കുറ്റി കോളനികളില്‍ കേബിള്‍ സ്ഥാപിച്ച് വൈദ്യുതി എത്തിക്കുന്നതിനുള്ള നടപടികള്‍ ചിറ്റൂര്‍ കെ.എസ്.ഇ.ബി സ്വീകരിച്ചു വരുന്നതായി ടി. ഡി.ഒ അറിയിച്ചു. കുന്നംകാട്ടുപതി കോളനി, മല്ലം ചള്ള കോളനി എന്നിവിടങ്ങളില്‍ അംബേദ്കര്‍ സെറ്റില്‍മെന്റ് വികസന പദ്ധതിയില്‍ നിര്‍മ്മിച്ച പ്രവൃത്തികളുടെ പൂര്‍ത്തീകരണോദ്ഘാടനം ഉടന്‍ നടത്തുന്നതാണെന്ന് പട്ടികവര്‍ഗ വികസന ഓഫീസര്‍ അറിയിച്ചു. പുതുനഗരം ജങ്ഷനില്‍ സിഗ്നല്‍ ലൈറ്റ് പ്രവര്‍ത്തിക്കാതെ വന്ന സാഹചര്യത്തില്‍ പോലീസ് ഇടപെട്ട് റിപ്പയര്‍ ചെയ്തു നിലവില്‍ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നതായി പോലീസ് അറിയിച്ചു.

കോതകുര്‍ശ്ശി 110 കെവി സബ്‌സ്റ്റേഷന്റെ നിര്‍മാണത്തിന് 0.4629 ഹെക്ടര്‍ ഭൂമി കെ.എസ്.ഇ.ബിക്ക് 30 വര്‍ഷത്തേക്ക് 1,34,426 രൂപ വാര്‍ഷിക പാട്ടത്തുക ഈടാക്കി ക്കൊണ്ട് പാട്ടത്തിന് നല്‍കുന്നതിന് സര്‍ക്കാര്‍ ഉത്തരവ് ലഭിച്ചിട്ടുണ്ട്. മലവട്ടത്താണി ആലൂര്‍ റോഡ് പ്രവൃത്തിയുടെ ടാറിങ് പൂര്‍ത്തീകരിച്ച് ഗതാഗത യോഗ്യമാക്കിയതായി പി.എം.ജി.എസ്.വൈ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. നിള ഐ.പി.ടി റോഡില്‍ ജല്‍-ജീവന്‍ മിഷന്റെ ഭാഗമായുള്ള 95 ശതമാനം പൈപ്പ് ലൈന്‍ പ്രവൃത്തികളും പൂര്‍ത്തീകരിച്ചതായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഗോവിന്ദപുരം മുതല്‍ വടക്കഞ്ചേരി തങ്കം ജങ്ഷന്‍ വരെയുള്ള ഹില്‍ ഹൈവേ പദ്ധതിയുമായി സര്‍വ്വേ നടപടികള്‍ പുരോഗമിക്കുന്നതായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അറിയിച്ചു.

മീനാക്ഷിപുരം ഐ.ടി.ഐ പ്രവൃത്തി പൂര്‍ത്തീകരണ ഘട്ടത്തിലാണെന്നും മാര്‍ച്ച് ഒന്നോടെ ഉദ്ഘാടനം നടത്താന്‍ സാധിക്കുമെന്നും പൊതുമരാമത്ത് കെട്ടിട വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. മുഖ്യമന്ത്രിയുടെ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിക്കുന്ന വല്ലപ്പുഴയിലെ ആമയൂര്‍ ചെറുകാട് റോഡ് ടാറിങ്, ഐറിഷ് ഡ്രൈന്‍ ഉള്‍പ്പെടെ 90 ശതമാനം പ്രവര്‍ത്തികള്‍ പൂര്‍ത്തിയായതായി എല്‍.എസ്.ജി.ഡി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. പട്ടാമ്പി താലൂക്ക് ആശുപത്രി ഡയാലിസിസ് യൂണിറ്റിലേക്കുള്ള 8 ഡയാലിസിസ് മെഷീനുകള്‍ക്കും അഞ്ച് എയര്‍ കണ്ടീഷണറുകള്‍ക്കും സപ്ലൈ ഓര്‍ഡര്‍ നല്‍കിയതായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അറിയിച്ചു.

തുപ്പനാട്-മീന്‍വല്ലം റോഡ് ടാറിങ്, പ്രധാനമന്ത്രിയുടെ പദ്ധതിയില്‍ ഉള്‍പ്പെട്ട മലവട്ടത്താണി-ആലൂര്‍ റോഡ് ടാറിങ് എന്നിവ പൂര്‍ത്തീകരിച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.

തൃത്താല പ്രദേശത്തെ ലൈസന്‍സില്ലാത്ത വൈദ്യശാലകളില്‍ മദ്യം വില്‍ക്കുന്നു എന്ന പരാതിയില്‍ കേസെടുത്തു റിപ്പോര്‍ട്ട് കൊടുത്തതായി പോലീസ് അറിയിച്ചു. കര്‍ഷകര്‍ക്ക് ഉഴവുകൂലി ലഭ്യമാക്കുന്നതിനുള്ള നടപടികളും നടന്നുവരുന്നു. ജില്ലാ പഞ്ചായത്ത് വിഹിതം നല്‍കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഇതുവരെ 8,51,08,316 രൂപയുടെ ക്ലെയിമുകള്‍ ട്രഷറിയില്‍ നല്‍കിയിട്ടുണ്ട്. ഉഴവുകൂലി ബ്ലോക്ക് പഞ്ചായത്ത് വിഹിതം നല്‍കുന്നത് അതത് ബ്ലോക്കുകള്‍ മുഖേനയാണ്. ബ്ലോക്ക് പഞ്ചായത്ത് വിഹിതമായി ഇതുവരെ 1,89,89,992 രൂപ കര്‍ഷകര്‍ക്ക് നല്‍കിയിട്ടുണ്ട്. നിലവില്‍ 2,18,35,157 രൂപയുടെ ക്ലെയിമുകള്‍ ട്രഷറിയില്‍ നല്‍കിയിട്ടുമുണ്ട്. ഉഴവുകൂലി ഗ്രാമ പഞ്ചായത്ത് വിഹിതം കൃഷി ഭവന്‍ മുഖേനയാണ് നല്‍കി വരുന്നത്. ഇതുവരെ രൂപ 1,85,19,748 കര്‍ഷകര്‍ക്ക് മാറി നല്‍കിയിട്ടുണ്ട്. നിലവില്‍ 2,27,84,405 രൂപയുടെ ക്ലെയിമുകള്‍ ട്രഷറിയില്‍ നല്‍കിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഉഴവുകൂലി കൃത്യമായി കര്‍ഷകര്‍ക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് കെ. ബാബു എം.എല്‍.എ. പറഞ്ഞു.

കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ എം.എല്‍.എമാരായ കെ.ഡി പ്രസേനന്‍, എ. പ്രഭാകരന്‍, കെ. ബാബു, മുഹമ്മദ് മുഹ്‌സിന്‍, വൈദ്യുത വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ പ്രതിനിധി എസ്. വിനോദ് ബാബു, രമ്യ ഹരിദാസ് എം.പിയുടെ പ്രതിനിധി പി. മാധവന്‍, ജില്ലാ പ്ലാനിങ് ഓഫീസര്‍ എന്‍.കെ ശ്രീലത, അസിസ്റ്റന്റ് കലക്ടര്‍ ഒ.വി ആല്‍ഫ്രഡ്, വകുപ്പ് മേധാവികള്‍, ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K