25 February, 2024 01:41:46 PM
പാലക്കാട് കോഴിയുമായി പോയ പിക്കപ്പ് വാൻ ലോറിയിൽ ഇടിച്ച് അപകടം; 2 പേര്‍ക്ക് ദാരുണാന്ത്യം
പാലക്കാട്: പാലക്കാട് വാഹനാപകടത്തിൽ രണ്ട് മരണം. കഞ്ചിക്കോട് ലോറിയുടെ പിന്നിൽ പിക്കപ്പ് വാനിടിച്ചുണ്ടായ അപകടത്തിലാണ് രണ്ട് പേർ മരിച്ചത്. മേപ്പറമ്പ് സ്വദേശി നിഷാദ്, കൊടുന്തിരപ്പുള്ളി സ്വദേശി ശിവൻ എന്നിവരാണ് മരിച്ചത്. അപകടത്തിൽ ഡ്രൈവർക്ക് ഗുരുതരമായി പരുക്കേറ്റു.
ഇന്ന് പുലർച്ചെ 3.30ന് കഞ്ചിക്കോട് റെയിൽവേ സ്റ്റേഷൻ ജംഗ്ഷനിലാണ് അപകടമുണ്ടായത്. കോഴി കയറ്റി വന്ന പിക്കപ്പ് വാൻ ലോറിയിൽ ഇടിക്കുകയായിരുന്നു. പിക്കപ്പ് വാനിൽ കുടുങ്ങിയ ഒരാളെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചു. മറ്റു രണ്ട് പേരെ ഫയർഫോഴ്സെത്തി വാഹനം പൊളിച്ചു മാറ്റിയാണ് പുറത്തെടുത്തത്. രണ്ടുപേരും മരണപ്പെട്ടിരുന്നു.