14 April, 2024 10:50:43 PM
കുഴൽമന്ദത്ത് പൊതുകിണർ വൃത്തിയാക്കുന്നതിനിടെ മണ്ണിടിഞ്ഞു വീണ് ഒരാൾ മരിച്ചു
പാലക്കാട്: പൊതുകിണർ വൃത്തിയാക്കുന്നതിനിടെ കിണർ ഇടിഞ്ഞു വീണ് ഒരാൾ മരിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ പെരുങ്കുന്നം തെക്കേക്കരയിലായിരുന്നു അപകടം. കുഴൽമന്ദം വെള്ളപ്പാറ പെരുങ്കുന്നം തെക്കേക്കരയിലെ സുരേഷാണ് മരിച്ചത്.
കുഴൽമന്ദം പോലീസും ആലത്തൂർ അഗ്നി രക്ഷാ സേനയും മണ്ണുമാന്തി ഉപയോഗിച്ചും വെള്ളം മോട്ടോർവെച്ച് പമ്പുചെയ്ത് വറ്റിച്ചും നടത്തിയ തിരച്ചിലിൽ 4.30 ഓടെയാണ് മൃതദേഹം കണ്ടെത്തി. പൊതു കിണർ വൃത്തിയാക്കാൻ 15-ഓളം പേരാണ് ഉണ്ടായിരുന്നത്.
കൽക്കെട്ടിന്റെ ഒരു ഭാഗം ഇടിഞ്ഞതോടെ ഉള്ളിലുണ്ടായിരുന്ന നാലുപേർ കരയിലേക്ക് കയറി രക്ഷപ്പെട്ടു. മുകളിൽ നിന്ന മൂന്നുപേർ താഴേക്ക് വീണു. ഇവരിൽ രണ്ടുപേർ തിരികെ കയറിയെങ്കിലും സുരേഷ് വീണു പോകുകയായിരുന്നു. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.