17 April, 2024 11:24:27 AM


തൃശൂര്‍ പൂരം പ്രതിസന്ധി ഒഴിവായി; വനംവകുപ്പ് ഡോക്ടര്‍മാരുടെ പരിശോധന ഒഴിവാക്കി



തൃശൂര്‍: പൂരത്തിന്‍റെ  പ്രതിസന്ധി ഒഴിവായി. ആനകളുടെ എഴുന്നള്ളിപ്പിനുള്ള  നിയന്ത്രണവുമായി ബന്ധപ്പെട്ട് വനംവകുപ്പ് പുറത്തിറക്കിയ ഉത്തരവ് ഭേദ​ഗതി ചെയ്യുമെന്ന്  മന്ത്രി കെ.രാജൻ അറിയിച്ചു.വെറ്റിനറി സംഘത്തിന്‍റെ  പരിശോധനക്ക് ശേഷം ആനകളെ വീണ്ടും പരിശോധിക്കില്ല. വനം വകുപ്പിന്‍റെ  ഉത്തരവിൽ നിന്നും ഇത് ഉടൻ ഒഴിവാക്കും. പുതിയ ഉത്തരവ് ഉടൻ പുറത്തിറങ്ങും. പൂരം നല്ല രീതിയിൽ നടത്താൻ സർക്കാർ ഒപ്പമുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ആനകളുടെ രണ്ടാം വട്ട ഫിറ്റ്നസ് പരിശോധന ഒഴിവാക്കുമെന്ന് മന്ത്രി എ.കെ.ശശീന്ദ്രനും അറിയിച്ചു. വെറ്ററിനറി ഡോക്ടർമാരുടെ പരിശോധന സർട്ടിഫിക്കറ്റുള്ള ആനകളുടെ ഫിറ്റ്നസ് പുന:പരിശോധന അപ്രായോഗികം. ഹൈക്കോടതിയിൽ നൽകിയ പുതിയ സത്യവാങ്മൂലത്തിൽ ഇക്കാര്യം ഒഴിവാക്കിയിട്ടുണ്ട്. കോടതിയിൽ നിന്ന് അനുകൂല വിധി ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു

ഉത്തരവിറക്കിയതിനെതിരെ തിരുവമ്പാടി-പാറമേക്കാവ് ദേവസ്വങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ആനകളെ നിയന്ത്രിക്കാൻ 80 അംഗ ആര്‍ആര്‍ടി സംഘം നിർബന്ധമാണെന്നും വനം വകുപ്പിന്‍റെ ഡോക്ടർമാർ വീണ്ടും ആനകളെ പരിശോധിക്കുമെന്നും ഉത്തരവിലുണ്ടായിരുന്നു. വെറ്ററിനറി ഡോക്ടർമാരുടെ പരിശോധനയ്ക്ക് പുറമെയാണ് വനംവകുപ്പിന്‍റെ ഡോക്ടര്‍മാര്‍ ആനകളെ വീണ്ടും പരിശോധിക്കുന്നത്.കടുത്ത നിയമങ്ങളാണെന്നും ഇത് തൃശൂര്‍ പൂരം നടത്തിപ്പിന് പ്രതിസന്ധിയാകുമെന്നും ആന ഉടമകളും ദേവസ്വങ്ങളും വ്യക്തമാക്കി. ഉത്തരവിലെ നിബന്ധനകൾ അപ്രായോഗിമെന്ന് തിരുവമ്പാടി-പാറമേക്കാവ് ദേവസ്വം പ്രതിനിധികള്‍ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ നിലപാടില്‍ മാറ്റം വരുത്തിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K