15 May, 2024 06:54:47 PM
ആളൂരില്‍ ഒരാഴ്ച മുൻപ് കാണാതായ പൊലീസുകാരനെ തഞ്ചാവൂരിൽ നിന്ന് കണ്ടെത്തി
തൃശൂർ: കാണാതായ ആളൂർ പൊലീസ് സ്റ്റേഷനിലെ സീനിയർ സിപിഒ പി എ സലേഷിനെ (34) കണ്ടെത്തി. തമിഴ്നാട്ടിലെ തഞ്ചാവൂരിൽനിന്ന് ഇന്ന് ഉച്ചയോടെയാണ് ഇയാളെ കണ്ടെത്തിയത്. ഈ മാസം എട്ടാം തിയതി മുതൽ ദുരൂഹ സാഹചര്യത്തിൽ സലേഷിനെ കാണാതാവുകയായിരുന്നു.
കഴിഞ്ഞ ദിവസം എടിഎം കാർഡ് ഉപയോഗിച്ചതോടെയാണ് സലേഷ് തഞ്ചാവൂർ പ്രദേശത്ത് ഉണ്ടെന്ന് മനസിലാക്കിയത്. തുടർന്ന് നടത്തിയ തെരച്ചിലിൽ തഞ്ചാവൂർ പുതിയ ബസ് സ്റ്റാൻഡിനു സമീപമുള്ള ലോഡ്ജിൽനിന്ന് സലേഷിനെ കണ്ടെത്തുകയായിരുന്നു. സലേഷിനെ വിശദമായി ചോദ്യം ചെയ്താൽ മാത്രമേ മാറിനിൽക്കാനുള്ള കാരണം വ്യക്തമാകൂ. ചാലക്കുടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്.
ഈ മാസം 8നു പൊലീസ് സ്‌റ്റേഷനിലേയ്ക്കു ഡ്യൂട്ടിക്ക് എന്നു പറഞ്ഞു പോയ സലേഷ് തിരികെ എത്താതായതോടെ ബന്ധുക്കൾ പരാതി നൽകുകയായിരുന്നു. തുടർന്നു ചാലക്കുടി പൊലീസ് കേസ് രജിസ്‌റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചു. സലേഷിന്റെ ബൈക്ക് ചാലക്കുടി കെഎസ്‌ആർടിസി ബസ് സ്‌റ്റാൻഡിനു സമീപം കണ്ടെത്തി. ഫോൺ സ്വിച്ച് ഓഫ് ആയിരുന്നതിനാൽ ലൊക്കേഷൻ കണ്ടെത്താനായിരുന്നില്ല.