30 May, 2024 09:03:47 AM
പൊലീസ് അക്കാദമിയിൽ വനിതാ ഉദ്യോഗസ്ഥയോട് ലൈംഗികാതിക്രമം: പൊലീസുകാരന് സസ്പെൻഷൻ
തൃശ്ശൂര്‍: രാമവര്‍മപുരം കേരള പൊലീസ് അക്കാദമിയില്‍ വനിതാ ഉദ്യോഗസ്ഥയോട് ലൈംഗികാതിക്രമം നടത്തിയ ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു. അക്കാദമിയിലെ ഓഫീസര്‍ കമാന്‍ഡന്റ് പ്രേമനെ ആണ് അക്കാദമി ഡയറക്ടര്‍ എഡിജിപി പി വിജയന്‍ സസ്പെന്‍ഡ് ചെയ്തത്. വനിതാ ഉദ്യോഗസ്ഥയുടെ പരാതിയില്‍ ആഭ്യന്തര അന്വേഷണ സമിതി നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഉദ്യോഗസ്ഥയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വിയ്യൂര്‍ പൊലീസ് കമാന്‍ഡന്റിനെതിരെ കേസെടുത്തു. പരാതി ലഭിച്ചയുടന്‍ പ്രാഥമികാന്വേഷണം തുടങ്ങി അതിവേഗത്തിലാണ് നടപടികളിലേക്ക് കടന്നത്. ഈ മാസം 18നും 22നുമാണ് ഉദ്യോഗസ്ഥനില്‍ നിന്നും അതിക്രമം നേരിട്ടതെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. ഉദ്യോഗസ്ഥനെതിരെ കടുത്ത നടപടി വേണമെന്നും അക്കാദമിയില്‍ തുടരാനാകില്ലെന്നും മാനസികമായും പീഡിപ്പിക്കുന്നുവെന്നും ഇവര്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. ഇതേ തുടര്‍ന്നാണ് പരാതിയില്‍ എഡിജിപി അടിയന്തര നടപടി സ്വീകരിച്ചത്.