01 June, 2024 04:23:37 PM


തൃശൂരില്‍ റെയില്‍വേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞു; തീവണ്ടികള്‍ പിടിച്ചിട്ടു



തൃശൂര്‍: കനത്ത മഴയില്‍ തൃശൂരില്‍ റെയില്‍വേ ട്രാക്കിലേക്കു മണ്ണിടിഞ്ഞു. ഒല്ലൂരിനും പുതുക്കാടിനുമിടയില്‍ ഇന്ന് രാവിലെ 10.30നാണ് സംഭവം. എറവക്കാട് ഗേറ്റ് കടന്നശേഷം ഒല്ലൂര്‍ സ്‌റ്റേഷനു മുമ്പായിട്ടാണ് ട്രാക്കിലേക്ക് മണ്ണിടിഞ്ഞു വീണത്. തിരുനെല്‍വേലി - പാലക്കാട് പാലരുവി എക്‌സ്പ്രസ്, എറണാകുളം - ബംഗളൂരു ഇന്റര്‍സിറ്റി, തിരുവനന്തപുരം - കോഴിക്കോട് ജനശതാബ്ദി എക്‌സ്പ്രസ്, തിരുവനന്തപുരം - ഷൊര്‍ണൂര്‍ വേണാട് എക്‌സ്പ്രസ് എന്നീ വണ്ടികള്‍ പുതുക്കാട് സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ടു. 10.45ന് തീവണ്ടി ഗതാഗതം പുന:സ്ഥാപിച്ചു.

ഇതിനിടെ കനത്ത മഴയില്‍ ചാലക്കുടി റെയില്‍വേ അടിപ്പാതയില്‍ വെള്ളം കയറി. തൃശൂര്‍ നഗരത്തെ വെള്ളത്തില്‍ മുക്കി പെരുമഴ. ഇന്നു രാവിലെ തുടങ്ങിയ മഴ മണിക്കൂറുകള്‍ പിന്നിട്ടിട്ടും തുടരുകയാണ്. മേഘവിസ്‌ഫോടമാണെന്നു സംശയിക്കുന്നു. ശക്തമായ മിന്നലിന്റെയും ഇടിയുടെയും അകമ്പടിയോടെയാണ് പേമാരി. വെള്ളക്കെട്ടില്‍ നഗര പ്രദേശം സ്തംഭിച്ചു. പലയിടത്തും വീടുകളിലേക്ക് വെള്ളം കയറി. ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ സ്വകാര്യ ബസുകള്‍ ഓട്ടം നിര്‍ത്തിവച്ചു. ഇതോടെ യാത്രക്കാര്‍ കുടുങ്ങി. റെയില്‍വേ ട്രാക്കിലേക്കും വെള്ളം കയറിയിട്ടുണ്ട്. വടക്കേ സ്റ്റാന്‍ഡ്, കൊക്കാലെ, തുടങ്ങി നഗരത്തിലെ താഴ്ന്ന പ്രദേശങ്ങള്‍ മുങ്ങി . നഗര പ്രാന്ത പ്രദേശങ്ങളായ നടത്തറ, മണ്ണുത്തി പ്രദേശങളിലും രൂക്ഷമായ വെള്ളക്കെട്ട് അനുഭവപ്പെട്ടു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K