16 June, 2024 11:42:20 AM


'മുരളിയേട്ടാ മാപ്പ്'; തൃശൂരില്‍ വീണ്ടും കെ മുരളീധരനെ അനുകൂലിച്ച് ഫ്‌ളക്‌സുകള്‍



തൃശൂര്‍: തൃശൂരില്‍ വീണ്ടും കെ മുരളീധരനെ അനുകൂലിച്ച് ഫ്‌ളക്‌സുകള്‍. ഡിസിസി ഓഫീസിന്റെ ഭാഗത്തും നടുവിലാല്‍ ഭാഗത്തും ആണ് ഫ്‌ളക്‌സുകള്‍ പ്രത്യക്ഷപ്പെട്ടത്. വര്‍ഗീയതക്കെതിരായ പോരാട്ടത്തില്‍ ചതിയുടെ പത്മവ്യൂഹത്തില്‍പ്പെട്ട് പിടഞ്ഞുവീണ മുരളിയേട്ടാ മാപ്പ് എന്നാണ് ഫ്‌ളക്‌സിലുള്ളത്. നയിക്കാന്‍ നിങ്ങള്‍ ഇല്ലെങ്കില്‍ ഞങ്ങളുമില്ലെന്നും ഫ്‌ളക്‌സിലുണ്ട്. തൃശൂരിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പേരിലാണ് ഫ്‌ളക്‌സ്. 

തൃശൂരിലെ തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ വിവിധയിടങ്ങളില്‍ കെ മുരളീധരന് അനുകൂലമായി ഫ്‌ളക്‌സുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. തളിപ്പറമ്പിലെ കോണ്‍ഗ്രസ് ഓഫീസിന് സമീപത്താണ് ബോര്‍ഡ് സ്ഥാപിച്ചത്. 'കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കണ്ണൂര്‍' എന്ന പേരിലായിരുന്നു ബോര്‍ഡ്. 'നയിക്കാന്‍ നായകന്‍ വരട്ടെ, നയിക്കാന്‍ നിങ്ങളില്ലെങ്കില്‍ ഞങ്ങളുമില്ല' എന്നാണ് ബോര്‍ഡില്‍ കുറിച്ചിരുന്നത്. മതേതരത്വത്തിനായി നിലകൊണ്ടതിന്റെ പേരിലാണ് നിങ്ങള്‍ പോരാട്ടത്തില്‍ വെട്ടേറ്റ് വീണതെന്നും ബോര്‍ഡില്‍ പറഞ്ഞിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K