03 July, 2024 10:20:51 AM


ബിജെപി തൃശ്ശൂർ ജില്ലാ പ്രസിഡന്‍റ് 'സ്ഥിരം കുറ്റവാളി'; 6 മാസത്തിനുള്ളിൽ ഒരു കേസുകൂടി വന്നാൽ കാപ്പ ചുമത്തും



തൃശൂർ: നിരവധി കേസകളിൽ പ്രതിയായ ബിജെപി തൃശൂർ ജില്ലാ പ്രസിഡന്‍റ് കെ.കെ അനീഷ് കുമാറിനെതിരെ കടുത്ത നടപടിയുമായി പൊലീസ്. അനീഷിനെതിരെ സ്ഥിരം കുറ്റവാളി കേസാണ് പോലീസ് ചുമത്തിയിരിക്കുന്നത്. ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയാകുന്നവർക്കെതിരെ ചുമത്തുന്ന നടപടിക്രമമാണിത്. തൃശൂർ ഈസ്റ്റ് പൊലീസ് ആണ് സബ് ഡിവിഷണൽ മജിസ്ട്രേറ്റ് കോടതിക്ക് ഇത് സംബന്ധിച്ച് റിപ്പോർട്ട് നൽകിയത്.

ആറു മാസത്തിനുള്ളിൽ ഇനി ഏതെങ്കിലും കേസിൽ പ്രതിയായാൽ അനീഷ് കുമാറിനെതിരെ കാപ്പ ചുമത്തും. ഇനി കേസിൽ ഉൾപ്പെടില്ലെന്ന് കോടതിയിൽ ഹാജരായി അനീഷ് ബോണ്ട് ഒപ്പിട്ട് നൽകുന്നതാണ് നടപടിക്രമം. കാപ്പ ചുമത്തിയാൽ നാടുകടത്തൽ അടക്കമുള്ള നടപടികൾ നേരിടേണ്ടി വരും. അതേസമയം ഇത് രാഷ്ട്രീയ പകപോക്കലാണെന്നും രാഷ്ട്രീയ നേതാക്കൾക്കെതിരെ സാധാരണ ഇത് ചുമത്താറില്ലെന്ന് ബിജെപി നേതാക്കൾ പറഞ്ഞു.

തൃശൂരിൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപി വമ്പിച്ച വിജയം കൈവരിച്ചതിൽ സിപിഎം പകപോക്കലാണ് ജില്ലാ പ്രസിഡൻറിനെതിരായ നീക്കമെന്ന് ബിജെപി നേതൃത്വം കുറ്റപ്പെടുത്തി. അനീഷിനെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചാൽ ഉദ്യോഗസ്ഥർ മറുപടി പറയേണ്ടിവരും. പൊലീസ് നീക്കത്തിനെതിരെ നിയമപരമായ നടപടികൾ സ്വീകരിക്കുമെന്നും ബിജെപി നേതൃത്വം വ്യക്തമാക്കി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K