07 July, 2024 02:37:58 PM
കടലിൽ കുളിക്കാനിറങ്ങി; തിരയിൽപ്പെട്ട് കാണാതായ തമിഴ്നാട് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി
തൃശൂർ: തളിക്കുളം തമ്പാൻകടവ് അറപ്പതോടിന് സമീപം കൂട്ടുകാരുമൊത്ത് കടലിൽ കുളിക്കാൻ ഇറങ്ങി കാണാതായ തമിഴ്നാട് നീലഗിരി സ്വദേശിയായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പോനൂർ ബോയ്സ് കമ്പനി സുരേഷിന്റെ മകൻ അമൻ കുമാറിനെ (21) ന്റെ മൃതദേഹമാണ് ഇന്ന് രാവിലെ വലപ്പാട് ബീച്ചിൽ കരയ്ക്കടിഞ്ഞത്.
ഇന്നലെ 2.15 ഓടെയായിരുന്നു സംഭവം. ഊട്ടിയിൽ നിന്ന് എത്തിയ ഏഴംഗ സംഘമാണ് കടൽ ഇരമ്പുന്നതിനിടയിൽ കുളിക്കാൻ ഇറങ്ങിയത്. തിര ആഞ്ഞടിച്ചതോടെ അമൻ കുമാർ കടലിൽ അകപ്പെടുകയായിരുന്നു. ഇതോടെ മറ്റുള്ളവർ കരക്ക് കയറി രക്ഷപ്പെടുകയായിരുന്നു.
രണ്ട് തവണ തിരയിൽ കൈ ഉയർത്തിയെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. കടൽ ഇരമ്പുന്നതിനാൽ നാട്ടുകാർക്കും കടലിൽ ഇറങ്ങി രക്ഷാപ്രവർത്തനം നടത്താൻ കഴിഞ്ഞില്ല. 'തിരച്ചിൽ നടത്താൻ അഴീക്കോടു നിന്ന് തീരദേശ പൊലീസ് എത്തിയെങ്കിലും തിരയുടെ ശക്തി കാരണം തിരച്ചിൽ നടത്താൻ കരയോട് അടുത്തേക്ക് ബോട്ട് അടുപ്പിക്കാൻ കഴിഞ്ഞില്ല.
പിന്നീട് കോസ്റ്റ് ഗാർഡിന്റെ നേതൃത്വത്തിൽ തിരച്ചിൽ നടത്തുകയായിരുന്നു. ഇന്നു രാവിലെയാണ് മത്സ്യ ത്തൊഴിലാളികൾ മുതദേഹം കണ്ടെത്തിയത്. പോസ്റ്റ് മോർട്ടത്തിനു ശേഷം മൃതദേഹം സ്വദേശത്തേക്ക് കൊണ്ട് പോകും. നീലഗിരിയിലെ രത്തിനം ഐ.ടി. കമ്പനിയിലെ ജീവനക്കാരനാണ് അമൻ കുമാർ.