09 July, 2024 09:02:28 AM
മാസം തികയാതെ ആദിവാസി യുവതി വനത്തിനുള്ളിൽ പ്രസവിച്ചു; കുഞ്ഞ് മരിച്ചു
അതിരപ്പിള്ളി: മുക്കുംപുഴ മേഖലയിലെ ആദിവാസി യുവതി മാസം തികയാതെ പ്രസവിച്ചു കുഞ്ഞു മരിച്ചു. കാഡാർ മേഖലയിലെ സുബീഷിന്റെ ഭാര്യ മിനിക്കുട്ടി (33) ആണ് ഇന്നലെ രാവിലെ ഏകദേശം ഒൻപതു മണിയോടെ പ്രസവിച്ചത്. മുക്കുംപുഴ മേഖലയിൽ നിന്നും വനവിഭവങ്ങൾ ശേഖരിക്കാൻ കിലോമീറ്ററുകളോളം ദൂരമുള്ള പെരടി എന്ന സ്ഥലത്തേക്ക് സുധീഷും ഭാര്യ മിനിയും കൂടി കഴിഞ്ഞ ദിവസം പോയിരുന്നു.
പൊരിങ്ങൽക്കുത്ത് ഡാമിനു സമീപം വനത്തിലായിരുന്നു പ്രസവം. വനത്തിനുള്ളിൽ വെച്ച് മിനിക്കുട്ടിക്ക് വേദന ഉണ്ടാവുകയും ഭർത്താവ് സുബീഷ് ഏറെ ദൂരം കാട്ടിലൂടെ നടന്ന് മൊബൈൽ നെറ്റ്‌വർക്കുള്ള സ്ഥലത്ത് വച്ച് ആരോഗ്യവകുപ്പ് അധികൃതരെ വിവരമറിയിക്കുകയും ചെയ്തു. തിരികെ ഭാര്യയുടെ അടുത്തേക്ക് ചെന്നപ്പോഴേക്കും പ്രസവം നടന്നിരുന്നു. കുഞ്ഞ് മരിച്ചത് മൂലം മൃതദേഹം സംസ്കരിക്കുകയും ചെയ്തു.
ഒന്നര മണിക്കൂറിലേറെ പുഴയിലൂടെ വഞ്ചി തുഴഞ്ഞാണ് ആരോഗ്യവകുപ്പ് അധികൃതരും, വനപാലകരും, വെറ്റിലപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിലെ 108 ആംബുലൻസ് ഡ്രൈവറും, കോളനി നിവാസികളും ചേർന്ന് ഇവരുടെ അടുത്തെത്തിയത്. പ്രാഥമിക ശുശ്രൂഷകൾക്ക് ശേഷം യുവതിയെ ആംബുലൻസ് എത്തുന്നിടത്തേക്ക് കൊണ്ടുവന്നു. അവിടുന്ന് താലൂക്ക് ആശുപത്രിയിലേക്ക് യുവതിയെ മാറ്റി. യുവതിക്ക് കാര്യമായ ആരോഗ്യ പ്രശ്നങ്ങളൊന്നും തന്നെ ഇല്ല എന്ന് അധികൃതർ അറിയിച്ചു.