08 August, 2024 03:03:53 PM
വിനായകന്‍റെ മരണം; പൊലിസുകാര്‍ക്കെതിരെ ആത്മഹത്യാപ്രേരണ ചുമത്താനാവില്ലെന്ന് ക്രൈംബ്രാഞ്ച്
തൃശൂര്‍: എങ്ങണ്ടിയൂരിലെ ദളിത് യുവാവ് വിനായകന്റെ മരണത്തില്‍ പ്രതികളായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്താന്‍ തെളിവില്ലെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. ക്രൈംബ്രാഞ്ച് ഡിവിഎസ്പി വിഎ ഉല്ലാസ് ആണ് റിപ്പോര്‍ട്ട് നല്‍കിയത്. ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് ക്രൈംബ്രാഞ്ച് തുടരന്വേഷണം നടത്തിയത്.
ഒന്നാംപ്രതി സാജന്‍, രണ്ടാം പ്രതി ശ്രീജിത്ത് എന്നീ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ആത്മഹത്യാപ്രേരണ ചുമത്താന്‍ കഴിയില്ലെന്നാണ് റിപ്പോര്‍ട്ട്. വിനായകനെ പൊലീസ് സ്റ്റേഷനില്‍ വച്ച് മര്‍ദ്ദിച്ചത് പിടിച്ചുപറിക്കേസില്‍ കുറ്റസമ്മതമൊഴി നേടിയെടുക്കുന്നതിനു വേണ്ടിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അത് ആത്മഹത്യാ പ്രേരണയാകുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
2017 ജൂലൈ 17 നാണ് വിനായകനെ പിടിച്ചുപറിക്കുറ്റം ആരോപിച്ച് പാവറട്ടി പൊലീസ് കസ്റ്റഡിയിലെടുത്തത്. ജൂലൈ 18ന് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ വീണ്ടും സമീപിക്കാനാണ് ദളിത് സമുദായ മുന്നണിയുടെ തീരുമാനം. പ്രതികളായ പൊലീസിനെ സഹായിക്കുന്ന റിപ്പോര്‍ട്ടാണിതെന്നും അവര്‍ ആരോപിച്ചു.