22 August, 2024 10:29:16 AM
പ്രണയം നടിച്ച് ഗര്‍ഭിണിയാക്കി, അലസിപ്പിച്ച് ഖത്തറിലേക്ക് മുങ്ങി യുവാവ്
തൃശൂര്‍: വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് കേരളത്തിലെത്തിച്ചതിനു ശേഷം ഖത്തറിലേക്ക് മുങ്ങിയ യുവാവിനെതിരേ പരാതി നല്‍കി നേപ്പാള്‍ പൗരത്വമുള്ള ഇരുപത്തിമൂന്നുകാരി. കപട വാഗ്ദാനത്തില്‍ വിശ്വസിച്ച് തൃശൂരിലെത്തിയ യുവതി ഹോസ്റ്റലില്‍ താമസിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷം ഒന്നാകുന്നു. തൃശൂര്‍ കൈപ്പമംഗലം എടത്തിരുത്തി സ്വദേശിയായ യുവാവാണ് ഗര്‍ഭിണിയായിരുന്ന പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തിച്ചതിന് ശേഷം വിദേശത്തേക്ക് മുങ്ങിയത്. തുടര്‍ന്ന് പീഡനത്തിന് പരാതി നല്‍കി നിയമ നടപടികള്‍ക്കായി കാത്തിരിക്കുകയാണ് പെണ്‍കുട്ടി.
എന്നാല്‍ കഴിഞ്ഞ മാസം 30നകം യുവാവിനെ അറസ്റ്റ് ചെയ്യണമെന്ന് കോടതിവിധിയുണ്ടായിട്ടും ഇയാള്‍ വിദേശത്തായതിനാല്‍ കേസ് നീണ്ടു പോകുകയാണ്. പീഡന പരാതിയില്‍ യുവാവിനെതിരേ കയ്പമംഗലം പോലീസ് കേസെടുത്തിരുന്നു. പൊട്ടന്‍സി ടെസ്റ്റിനും യുവാവ് വിധേയനായി. എന്നാല്‍ അന്ന് യുവതി കേസ് പിന്‍വലിച്ചതിനെ തുടര്‍ന്ന് യുവാവ് വീണ്ടും വിദേശത്തേക്ക് കടന്നു. തുടര്‍ന്ന് വീണ്ടും യുവതിയോട് വിശ്വാസ വഞ്ചന കാണിച്ചതിനെ തുടര്‍ന്നാണ് യുവതി പരാതിയുമായി എത്തിയിരിക്കുന്നത്.
കാമുകനെ വിവാഹം കഴിക്കാനോ, പണം കൈക്കലാക്കാനോ വേണ്ടിയല്ല താന്‍ പരാതി നല്‍കിയതെന്ന് യുവതി പറയുന്നു. പ്രണയം മൂലം നഷ്ടപ്പെട്ട തന്റെ കുടുംബത്തെ തിരിച്ചു കിട്ടണമെന്നു മാത്രമാണ് യുവതി ആഗ്രഹിക്കുന്നത്. പെണ്‍കുട്ടിയുടെ അച്ഛന്‍ നാഗാലാന്റിലെ പ്രാദേശിക ഗോത്രവര്‍ഗ സമുദായ അംഗവും അമ്മ നേപ്പാള്‍ സ്വദേശിയുമാണ്. അമ്മയുടെ പൗരത്വമാണ് പെണ്‍കുട്ടിക്ക് ലഭിച്ചത്. സ്ത്രീയും പുരുഷനും ഒന്നിച്ചു കഴിഞ്ഞിട്ടുണ്ടെങ്കില്‍ അയാളെ വിവാഹം കഴിക്കണമെന്നാണ് യുവതിയുടെ സമുദായത്തിലെ നിയമം. ഇല്ലെങ്കില്‍ ഊരു വിലക്കും. തിരിച്ചു പ്രവേശനം ലഭിക്കണമെങ്കില്‍ നിയമപരമായി വിവാഹമോചനം നടത്തിയതിന്റെ രേഖകള്‍ കാണിക്കണം. എന്നാല്‍ വിവാഹം കഴിക്കാന്‍ തയാറാകാതെ യുവാവ് മുങ്ങിയതോടെ ഊരുവിലക്ക് നേരിട്ട യുവതിക്ക് നാട്ടിലേക്ക് തിരിച്ചു പോകാന്‍ കഴിയാതെയായി. വിവാഹം കഴിച്ചതായി രേഖയുണ്ടാക്കിയതിന് ശേഷം വിവാഹമോചനം നല്‍കാമെന്ന് യുവാവുമായി വക്കീല്‍ മുഖേന കരാറുണ്ടാക്കിയിരുന്നു.
പെണ്‍കുട്ടിക്ക് യുവാവിന്റെ സ്വത്തു വകകളിലും മറ്റും അവകാശമില്ലാത്തവിധം കരാര്‍ തയാറാക്കാമെന്ന് യുവതിയും സമ്മതിച്ചിരുന്നു. പിന്നീട് വിവാഹമോചനം ലഭിക്കുന്നതോടെ പരാതി പിന്‍വലിച്ച് മടങ്ങിപ്പോകാമെന്നും യുവതി സമ്മതിച്ചതാണ്. എന്നാല്‍ ഇതിനൊന്നും തയാറാകാതെ യുവാവ് ഖത്തറിലേക്ക് മുങ്ങുകയും യുവതി തൃശൂരില്‍ ഒറ്റപ്പെടുകയുമായിരുന്നു. ഖത്തറില്‍ ജോലി ചെയ്യുന്നതിനിടെയാണ് പെണ്‍കുട്ടി യുവാവുമായി അടുത്തത്. ഇയാള്‍ പ്രണയം നടിച്ചും വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ചും പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കിയെന്നാണ് പരാതി. അബോര്‍ഷന്‍ നടത്തിയാല്‍ വിവാഹം കഴിക്കാമെന്ന് പിന്നീട് വാക്കുമാറ്റി.
തുടര്‍ന്ന് യുവതി നാഗാലാന്റിലെയെത്തി ഗര്‍ഭഛിദ്രം നടത്തി. അവിടെ ഗോത്രവര്‍ഗ കലാപം നടക്കുന്നതു പോലും അവഗണിച്ചാണ് ഗര്‍ഭഛിദ്രം നടത്തിയതെന്ന് യുവതി പറയുന്നു. എന്നാല്‍ വാക്കുപാലിക്കാതെ യുവാവ് വിവാഹത്തില്‍നിന്നും പിന്‍മാറുകയായിരുന്നു. ഇതോടെ കുടുംബവും ഗോത്രവും തന്നെ കുടുംബത്തില്‍ നിന്നും പുറത്താക്കിയെന്ന് പെണ്‍കുട്ടി പറയുന്നു. തുടര്‍ന്നാണ് തൃശൂരിലെത്തി നിയമ പോരാട്ടത്തിനിറങ്ങിയത്. ബി.എസ്.പി. പ്രവര്‍ത്തകയായ രശ്മി മോഹനന്റെ സഹായത്തോടെ കൈപ്പമംഗലം പോലീസില്‍ പരാതി നല്‍കി. ജില്ലാ കോടതിയിലും ഹൈക്കോടതിയിലും പരാതി നല്‍കിയിട്ടുണ്ട്. കോടതി നിര്‍ദേശപ്രകാരം കൈപ്പമംഗലം പൊലീസാണ് കേസില്‍ അന്യോഷണം നടത്തുന്നത്.