22 August, 2024 08:14:46 PM


തൃശൂർ ചേംബർ ഓഫ് കോമേഴ്‌സ് പ്ലാറ്റിനം ജൂബിലി സമാപനം 26 ന്

പി എം മുകുന്ദൻ



തൃശൂർ: തൃശൂർ ചേംബർ ഓഫ് കോമേഴ്‌സ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം 26 ന് വൈകിട്ട് 6 മണിക്ക് കാസിനോ കൾച്ചറൽ ഓഡിറ്റോറിയത്തിൽ നടക്കും. സി. ഒ. സി പ്രസിഡന്റ് സജീവ് മഞ്ഞിലയുടെ അധ്യക്ഷതയിൽ കേന്ദ്ര മന്ത്രിയും നടനുമായ സുരേഷ് ഗോപി ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്യും. മന്ത്രി കെ രാജൻ, തൃശൂർ മേയർ എം കെ വർഗീസ്, എംഎൽഎ പി ബാലചന്ദ്രൻ എന്നിവർ മുഖ്യാതിഥികൾ ആയിരിക്കും.

പതിനെട്ടാം നൂറ്റാണ്ടിൻ്റെ അവസാന ദശകത്തിൽ കൊച്ചി രാജാവായ ശക്തൻ തമ്പുരാൻ തൻ്റെ രാജ്യത്തിൻ്റെ പുതിയ തലസ്ഥാനമായി സ്ഥാപിച്ച തൃശ്ശിവപേരൂർ നഗരം പിന്നീട് തൃശ്ശൂരായി മാറി. തൃശ്ശൂരിലെ അദ്ദേഹത്തിൻ്റെ ആദ്യ പ്രവർത്തനങ്ങളിലൊന്ന് നഗരത്തെ ഒരു വ്യാപാര കേന്ദ്രമായി വികസിപ്പിക്കുക എന്നതായിരുന്നു. കൊച്ചിയുമായി ബന്ധിപ്പിച്ചുകൊണ്ടുള്ള വ്യാപാരം നഗരത്തിന് സാമ്പത്തിക അടിത്തറ നൽകുകയും വളർച്ചയുടെ പ്രധാന പ്രേരകമായി മാറുകയും ചെയ്തു. ബോംബെയേക്കാൾ കൂടുതൽ ബാങ്കുകൾ ഉണ്ടായിരുന്ന ഒരു കാലമുണ്ടായിരുന്നു തൃശ്ശൂരിന്. പ്രശസ്തമായ തൃശൂർ പൂരത്താൽ വിനോദസഞ്ചാര സാംസ്കാരിക കേന്ദ്രമായും നഗരം വികസിച്ചു. തൃശൂർ പൂരത്തിൻ്റെ വലിയൊരു ഭാഗമായി ഇവിടത്തെ വ്യാപാര മേളയും വ്യാപാരികളും മാറുകയും ചെയ്തു.

പ്ലാറ്റിനം ജൂബിലി ആഘോഷപരിപാടികളുടെ വിജയത്തിനായി ടി എസ് പട്ടാഭിരാമൻ ചെയർമാനും തൃശൂരിലെ പ്രമുഖ വ്യാപാരി വ്യവസായികൾ അംഗങ്ങളുമായുള്ള പ്രത്യേക കമ്മിറ്റി പ്രവർത്തിച്ചുവരുന്നു. ജൂബിലിയോട് അനുബന്ധിച്ചു സമൂഹത്തിന്റെ വിവിധ മേഖലകളിൽ മികവ് തെളിയിച്ച താഴെ പറയുന്നവർക്ക് തിങ്കളാഴ്ച നടക്കുന്ന യോഗത്തിൽ പ്രത്യേക  പുരസ്‌കാരങ്ങൾ വിതരണം ചെയ്യും.
 
എബ്രഹാം ചാക്കോ (സി ഇ ഒ, പുളിമൂട്ടിൽ സിൽക്‌സ്), ജിലു ജോസഫ് (സി ഇ ഒ, വെബ് ആൻഡ് ക്രാഫ്റ്റ്സ്), സജീഷ് കുമാർ കെ എം (സി ഇ ഒ, എളനാട് മിൽക്ക്), ജോണി ലുക്കോസ് (ഡയറക്ടർ, മനോരമ ന്യൂസ്‌), വിക്ടർ മഞ്ഞില, എൻ ആർ വിനോദ് കുമാർ (തൃശൂർ ജില്ല ജനറൽ സെക്രട്ടറി, കെ വി വി ഇ എസ്), മാത്യു ചുങ്കത്ത്( ചെയർമാൻ, പുനർജീവൻ ട്രസ്റ്റ്), ഡോ. ദേവ പ്രസാദ് (ന്യൂറോ സർജൻ), ജിജോ എം ജെ (പോലീസ് സർക്കിൾ ഇൻസ്‌പെക്ടർ), സ്വപ്ന കല്ലിങ്കൽ ( കല്ലിങ്കൽ പ്ലാന്റേഷൻ), ജയരാജ്‌ വാര്യർ (സിനിമ നടൻ), വിധു എം വി (നേഴ്സ്, ജനറൽ ഹോസ്പിറ്റൽ തൃശൂർ).


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K