17 September, 2024 12:20:41 PM
തൃശൂർ നഗരത്തിൽ നാളെ രാവിലെ മുതൽ ഗതാഗത നിയന്ത്രണം
തൃശൂർ: പുലികളി നടക്കുന്ന ബുധനാഴ്ച രാവിലെ മുതൽ തൃശൂർ നഗരത്തിൽ ഗതാഗത ക്രമീകരണം ഏർപ്പെടുത്തും. രാവിലെ മുതൽ സ്വരാജ് റൗണ്ടിലും ഓണാഘോഷം നടക്കുന്ന തേക്കിൻകാട് മൈതാനി നായ്ക്കനാൽ പ്രദേശത്തും വാഹന പാർക്കിങ്ങ് അനുവദിക്കില്ല. ഉച്ചക്ക് രണ്ട് മുതൽ സ്വരാജ് റൗണ്ടിലും സമീപ റോഡുകളിലും വാഹന ഗതാഗതം നിയന്ത്രിക്കും. പുലികളി കഴിയുന്നതുവരെ ഒരു തരത്തിലുള്ള വാഹനങ്ങൾക്കും റൗണ്ടിലേക്ക് പ്രവേശനമില്ല. അത്യാവശ്യ സാഹചര്യത്തിനല്ലാതെ പൊതുജനങ്ങൾ സ്വകാര്യ വാഹനങ്ങളിൽ വരുന്നത് കഴിയുന്നതും ഒഴിവാക്കി ഗതാഗതക്കുരുക്ക് കുറക്കാൻ സഹകരിക്കണമെന്ന് പൊലീസ് അഭ്യർഥിച്ചു.
പുലികളി കാണാൻ എത്തുന്നവർ തേക്കിൻകാട് മൈതാനിയിലും ഫുട്പാത്തിലും സുരക്ഷിത സ്ഥലത്ത് നിൽക്കണം. നഗരത്തിലും പരിസര പ്രദേശങ്ങളിലും ജീർണാവസ്ഥയിലുള്ള കെട്ടിടങ്ങളിലും മരങ്ങൾക്ക് മുകളിലും കയറുന്നത് നിരോധിച്ചിട്ടുണ്ട്. നിർമാണാവസ്ഥയിലുള്ളതും ശരിയായി സുരക്ഷ ക്രമീകരണം പാലിക്കാതെ നിർമിച്ചതുമായ കെട്ടിടങ്ങളിൽ പ്രവേശിക്കരുത്. പുലികളി കാണാൻ എത്തുന്നവർ വാഹനം പാർക്ക് ചെയ്യാവുന്ന ഗ്രൗണ്ടുകളിൽ നിർത്തണം.
പുലികളി ദിവസം സ്വരാജ് റൗണ്ടും അനുബന്ധ പ്രദേശങ്ങളും ക്രമസമാധാന പാലനത്തിനും ഗതാഗത ക്രമീകരണത്തിനുമായി തൃശൂർ അസി. കമീഷണറുടെ കീഴിൽ വിവിധ സെക്ടറുകളാക്കി തിരിച്ച് പ്രധാന സ്ഥലങ്ങളിലെല്ലാം പൊലീസുദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ കാൽനട പട്രോളിങ്, ഇരുചക്ര വാഹന പട്രോളിങ്, ജീപ്പ് പട്രോളിങ് എന്നിവ ഏർപ്പെടുത്തും.
സാമൂഹികവിരുദ്ധരുടെ ശല്യം, പ്രത്യേകിച്ചും സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമം എന്നിവ ഇല്ലാതാക്കാൻ പ്രത്യേകം മഫ്ടി പൊലീസിനെയും ഷാഡോ പൊലീസിനേയും നിയോഗിച്ചിട്ടുണ്ട്. തേക്കിൻകാട് മൈതാനം, ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലും 24 മണിക്കൂറും നിരീക്ഷണത്തിന് സി.സി.ടി.വി കാമറകൾ സ്ഥാപിച്ചു.
ഗതാഗത ക്രമീകരണം ഇങ്ങനെ:
മണ്ണുത്തി ഭാഗത്തുനിന്നും വന്ന് ശക്തൻ സ്റ്റാൻഡിലേക്ക് പോകേണ്ട ബസുകൾ പുളിക്കൻ മാർക്കറ്റ് സെന്ററിൽനിന്ന് ഇടത്തോട്ട് തിരിഞ്ഞ് നെല്ലിക്കുന്ന് മാർ അപ്രേം, ഫാത്തിമ നഗർ, ഐ.ടി.സി ജങ്ഷൻ, ഇക്കണ്ടവാര്യർ റോഡ് വഴി ശക്തൻ സ്റ്റാൻഡിൽ പ്രവേശിച്ച് തിരിച്ച് മിഷൻ ക്വാർട്ടേഴ്സ്, കാട്ടൂക്കാരൻ ജങ്ഷൻ, ശവക്കോട്ട, ഫാത്തിമ നഗർ ജങ്ഷൻ വഴി സർവിസ് നടത്തണം.
-മണ്ണുത്തി ഭാഗത്തുനിന്നും വന്ന് വടക്കേ സ്റ്റാൻഡിലേക്ക് പോകേണ്ട ബസുകൾ കിഴക്കേകോട്ടയിൽനിന്ന് വലത്തോട്ട് തിരിഞ്ഞ് പെൻഷൻ മൂല, അശ്വിനി ജങ്ഷൻ വഴി വടക്കേ സ്റ്റാൻഡിൽ പ്രവേശിച്ച് തിരിച്ച് സ്റ്റേഡിയം ജങ്ഷൻ വഴി സർവിസ് നടത്തണം. മാന്ദാമംഗലം, പുത്തൂർ, വലക്കാവ് എന്നിവിടങ്ങളിൽനിന്നുള്ള ബസുകൾ ഐ.ടി.സി ജങ്ഷനിൽനിന്ന് ഇടത്തോട്ട് തിരിഞ്ഞ് ഇക്കണ്ട വാര്യർ റോഡ് വഴി ശക്തൻ സ്റ്റാൻഡിൽ പ്രവേശിച്ച് തിരിച്ച് മിഷൻ ക്വാർട്ടേഴ്സ്, ഫാത്തിമ നഗർ ജങ്ഷൻ വഴി സർവിസ് നടത്തണം.
മുക്കാട്ടുക്കര, നെല്ലങ്കര ഭാഗത്തുനിന്ന് വടക്കേ സ്റ്റാൻഡിലേക്കുള്ള ബസുകൾ ബിഷപ്സ് പാലസ് വഴി വലത്തോട്ട് തിരിഞ്ഞ് പെൻഷൻ മൂല, ചെമ്പുക്കാവ് ജങ്ഷൻ, രാമനിലയം, അശ്വിനി ജങ്ഷൻ വഴി വടക്കേ സ്റ്റാൻഡിലെത്തി ഇൻഡോർ സ്റ്റേഡിയം ജങ്ഷൻ തിരിച്ച് പോകണം.
ചേലക്കര, വടക്കാഞ്ചേരി, ഒറ്റപ്പാലം, പഴയന്നൂർ, തിരുവില്വാമല, മെഡിക്കൽ കോളജ്, അത്താണി, കൊട്ടേക്കാട് ഭാഗത്തുനിന്നുള്ള ബസുകൾ പെരിങ്ങാവിൽനിന്ന് കോലോത്തുംപാടം റോഡ് വഴി അശ്വിനി ജങ്ഷനിലൂടെ വടക്കേ സ്റ്റാൻഡിലെത്തി തിരിച്ച് സാധാരണപോലെ പോകണം.
ചേറൂർ, പള്ളിമൂല, മാറ്റാമ്പുറം, കുണ്ടുകാട് ഭാഗത്തുനിന്നുള്ള ബസുകൾ ബാലഭവൻ വഴി ചെമ്പുക്കാവ് ജങ്ഷനിൽനിന്ന് വലത്തോട്ട് തിരിഞ്ഞ് രാമനിലയം ഇൻഡോർ സ്റ്റേഡിയം ജങ്ഷൻ വഴി അശ്വിനി ജങ്ഷനിലൂടെ വടക്കേ സ്റ്റാൻഡിൽ പ്രവേശിച്ച് ഇൻഡോർ സ്റ്റേഡിയം ജങളഷൻ വഴി തിരിച്ചുപോകണം.
കുന്നംകുളം, കോഴിക്കോട്, ഗുരുവായൂർ, അടാട്ട് തുടങ്ങി പൂങ്കുന്നം വഴി വരുന്ന എല്ലാ ബസുകളും പൂങ്കുന്നത്ത് ട്രിപ് അവസാനിപ്പിച്ച് പടിഞ്ഞാറേക്കോട്ട, അയ്യന്തോൾ സിവിൽ ലൈൻ, അയ്യന്തോൾ ഗ്രൗണ്ട്, ലുലു ജങ്ഷൻ വഴി തിരിച്ചുപോകണം.
-വാടാനപ്പിള്ളി, അന്തിക്കാട്, കാഞ്ഞാണി, തുടങ്ങി പടിഞ്ഞാറേ കോട്ടവഴി വരുന്ന ബസുകൾ പടിഞ്ഞാറെകോട്ടയിൽനിന്ന് കാൽവരി റോഡ് വഴി തോപ്പിൻ മൂല, നേതാജി ഗ്രൗണ്ട് പരിസരം മുതൽ പടിഞ്ഞാറെകോട്ട വരെയുള്ള ഭാഗങ്ങളിൽ ട്രിപ് അവസാനിപ്പിച്ച് തിരിച്ച് പടിഞ്ഞാറേ കോട്ട വഴി പോകണം.
-കൊടുങ്ങല്ലൂർ, ഇരിങ്ങാലക്കുട, തൃപ്രയാർ, ചേർപ്പ് തുടങ്ങി കൂർക്കഞ്ചേരി വഴിയുള്ള ബസുകൾ ബാല്യ ജങ്ഷനിൽനിന്ന് വലത്തോട്ട് തിരിഞ്ഞ് ശക്തൻ സ്റ്റാൻഡിൽ പ്രവേശിച്ച് അവിടെനിന്ന് തിരിച്ച് കണ്ണംകുളങ്ങര, ചിയ്യാരം വഴി പോകണം. കണ്ണംകുളങ്ങര കസ്തൂർബ ആശുപത്രി ജങ്ഷനിൽനിന്നും വാഹനങ്ങൾ ശക്തൻ സ്റ്റാൻഡിലേക്ക് പ്രവേശിക്കരുത്.
-ഒല്ലൂർ, ആമ്പല്ലൂർ, വരന്തരപ്പിള്ളി ഭാഗത്തുനിന്നുള്ള ബസുകൾ മുണ്ടുപാലം ജങ്ഷനിൽനിന്ന് ഇടത്തോട്ട്തിരിഞ്ഞ് ശക്തൻ സ്റ്റാൻഡിൽ സർവിസ് അവസാനിപ്പിച്ച് തിരിച്ച് കാട്ടൂക്കാരൻ ജങ്ഷൻ വഴി പോകണം.
മറ്റ് വാഹനങ്ങൾ
കൂർക്കഞ്ചേരി വഴി വന്ന് പടിഞ്ഞാറെകോട്ട വഴി പോകേണ്ട ചെറുവാഹനങ്ങൾ കൂർക്കഞ്ചേരിയിൽനിന്ന് ഇടത്തോട്ട് തിരിഞ്ഞ് വടൂക്കര, അരണാട്ടുകര വഴി പോകണം. അശ്വിനി ഭാഗത്തുനിന്ന് മണ്ണുത്തി, പാലക്കാട്, എറണാക്കുളം ഭാഗത്തേക്ക് പോകുന്ന ബസും ട്രെയിലറും ഒഴികെയുള്ള വാഹനങ്ങൾ പെൻഷൻ മൂല വഴി താഴോട്ടിറങ്ങി നെല്ലങ്കര, മുക്കാട്ടുക്കര വഴി സർവിസ് നടത്തണം.
കുന്നംകുളം ഭാഗത്തുനിന്ന് പാലക്കാട് ഭാഗത്തേക്കുള്ള ബസ്, ട്രെയിലർ ഒഴിച്ചുള്ള വാഹനങ്ങൾ മുണ്ടൂരിൽനിന്നും തിരിഞ്ഞ് കൊട്ടേക്കാട്, വിയ്യൂർ പാലം വഴി പവർ ഹൗസ് വന്ന് പൊങ്ങണംകാട്, ചിറക്കോട്, മുണ്ടിക്കോട് വഴിയാണ് പോകേണ്ടത്. കുന്നംകുളം ഭാഗത്തുനിന്ന് എറണാകുളം ഭാഗത്തേക്കുള്ള ബസ്, ട്രെയിലർ ഒഴിച്ചുള്ള വാഹനങ്ങൾ മുണ്ടൂരിൽനിന്നും തിരിഞ്ഞ് കൊട്ടേക്കാട്, വിയ്യൂർ പാലം വഴി പവർ ഹൗസിൽ വന്ന് പൊങ്ങണംകാട്, മുക്കാട്ടുക്കര വഴി പോകണം.
ചിയ്യാരം ഭാഗത്തുനിന്ന് പടിഞ്ഞാറേ കോട്ട ഭാഗത്തേക്കുള്ള എല്ലാ ചെറു വാഹനങ്ങളും കൂർക്കഞ്ചേരി സെന്ററിൽനിന്നും ഇടത്തോട്ട് തിരിഞ്ഞ് വടൂക്കര, തോപ്പിൻമൂല വഴി പോകണം.
കെ.എസ്.ആർ.ടി.സി ബസുകൾ
തൃശൂർ സ്റ്റാൻഡിൽനിന്ന് ചാലക്കുടി, എറണാകുളം ഭാഗത്തേക്കുള്ളവ കണ്ണംകുളങ്ങര ചിയ്യാരം വഴി പോകണം. പടിഞ്ഞാറൻ മേഖലയിൽനിന്ന് വരുന്നവ പൂങ്കുന്നം ജങ്ഷനിൽനിന്ന് വലത്തോട്ട് തിരിഞ്ഞ് ശങ്കരയ്യർ റോഡിലൂടെ പൂത്തോൾ വഴി സ്റ്റാൻഡിലെത്തണം.
അങ്കമാലി, ചാലക്കുടി, പുതുക്കാട്, ഇരിങ്ങാലക്കുട ഭാഗങ്ങളിലേക്കുള്ള ഓർഡിനറി ബസുകൾ ശക്തൻ സ്റ്റാൻഡിലെ താൽക്കാലിക സ്റ്റാൻഡിൽ സർവിസ് അവസാനിപ്പിച്ച് തിരിച്ച് അവിടെനിന്ന് പുറപ്പെടണം.
ഷൊർണൂർ, വഴിക്കടവ്, മെഡിക്കൽ കോളജ് ഭാഗത്തേക്കുള്ളവ സ്വരാജ് റൗണ്ടിൽ പ്രവേശിക്കാതെ ഐ.ടി.സി ജങ്ഷൻ, കിഴക്കേകോട്ട, അശ്വിനി ജംഗ്ഷൻ, കോലോത്തുംപാടം വഴി പോകണം.