26 September, 2024 09:16:34 AM


യുവാവിനെ കൊന്ന് ആംബുലൻസിൽ ഉപേക്ഷിച്ച കേസ്; 4 പ്രതികൾ കൂടി അറസ്റ്റിൽ



തൃശൂർ: തൃശൂർ കൈപ്പമംഗലത്ത് 40 കാരനെ തല്ലിക്കൊന്ന് ആംബുലൻസിൽ ഉപേക്ഷിച്ച സംഭവത്തിൽ നാല് പ്രതികൾ കൂടി പിടിയിൽ. കണ്ണൂർ സംഘത്തിൽ ഉൾപ്പെട്ട ഫായിസ്, മുജീബ്, സലീം എന്നിവരും ഒരു കൈപ്പമംഗലം സ്വദേശിയുമാണ് പിടിയിലായത്. കോയമ്പത്തൂർ സോമണ്ണൂർ സ്വദേശി അരുൺ ആണ് കൊല്ലപ്പെട്ടത്.

കൊല്ലപ്പെട്ട അരുണിനെ പ്രതികൾ ക്രൂരമായി തല്ലിച്ചതച്ചെന്ന് പോസ്റ്റുമാർട്ടത്തിൽ കണ്ടെത്തിയിരുന്നു. അരുണിന്റെ ശരീരത്തിൽ 50ലേറെ സ്ഥലത്താണ് പരിക്കേറ്റിട്ടുള്ളത്. തലക്കേറ്റ അടിയാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം പരിശോധനയിലെ പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസം അഞ്ച് പേരെ കേസിൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

കണ്ണൂർ അഴീക്കലിലെ ഐസ് ഫാക്ടറി ഉടമ മുഹമ്മദ് സാദിക്കിൽ നിന്നും അരുൺ പത്ത് ലക്ഷം രൂപ തട്ടിയെടുത്തിരുന്നു. ആറ് മാസം മുമ്പായിരുന്നു സംഭവം. പടിഞ്ഞാറെ വെമ്പല്ലൂരിൽ വാടകയ്ക്ക് താമസിക്കുന്ന സുഹൃത്ത് ധനേഷിന്റെ വീട്ടിലേക്ക് സാദിഖും സംഘവും യുവാവിനെ എത്തിച്ചിരുന്നു. ഇവ‍ിടെ വെച്ചായിരുന്നു മർദനത്തിന്റെ തുടക്കം. ഈ വീട്ടിൽ നിന്ന് അരുണിന്റെ വസ്ത്രങ്ങളും കണ്ടെത്തിയിട്ടുണ്ട്. മൃതദേഹവുമായി സംഘം കയ്പമംഗലം ഫിഷറീസ് സ്കൂളിനടുത്ത് വഞ്ചിപ്പുരയിൽ രാത്രി 11.30-ന് എത്തി. അപകടത്തിൽ പരുക്കേറ്റതാണെന്ന് പറഞ്ഞ് ഇവർ ചാൾസിനെ ആംബുലൻസ് വിളിച്ച് അതിൽ കയറ്റി.

തങ്ങൾ കാറിൽ പിന്നാലെയുണ്ടെന്ന് ഡ്രൈവറെ തെറ്റിദ്ധരിപ്പിച്ച് ആംബുലൻസ് ആശുപത്രിയിലേക്കയച്ചു. എന്നാൽ ഇവർ കടന്നുകളയുകയായിരുന്നു. ആശുപത്രിയിൽ എത്തുന്നതിന് മുമ്പ് തന്നെ ചാൾസ് മരിച്ചിരുന്നു. അരുണിനൊപ്പമെത്തിയ സുഹൃത്ത് ശശാങ്കനെയും സംഘം മർദ്ദിച്ചിരുന്നു. സംഘത്തിൽ നിന്നും ഓടി രക്ഷപ്പെട്ട ശശാങ്കൻ മതിലകം പൊലീസ് സ്റ്റേഷനിൽ അഭയം പ്രാപിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K