04 December, 2024 06:44:02 PM
മുന്തിരിപ്പെട്ടിയില്‍ ഒളിപ്പിച്ച് കടത്ത്; മണ്ണുത്തിയില്‍ വന്‍ സ്പിരിറ്റ് വേട്ട; 2600 ലിറ്റര്‍ പിടികൂടി

തൃശൂര്‍: മണ്ണുത്തിയില്‍ വന്‍ സ്പിരിറ്റ് വേട്ട. മുന്തിരിക്കടിയില്‍ ഒളിപ്പിച്ചു കടത്തിയ സ്പിരിറ്റ് ആണ് പിടികൂടിയത്. 79 കന്നാസുകളില്‍ ആയി 2,600 ലിറ്റര്‍ സ്പിരിറ്റ് ആണ് എക്‌സൈസ് സംഘം പിടികൂടിയത്. ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെ മണ്ണുത്തിയിലെ ദേശീയപാതയില്‍ വച്ചാണ് പ്രതികള്‍ പിടിയിലായത്. ബംഗളൂരുവില്‍ നിന്ന് മുന്തിരി കൊണ്ടുവരുന്നതിന്റെ മറവിലായിരുന്നു കടത്ത്. തൃശൂര്‍ സ്വദേശിക്ക് സ്പിരിറ്റ് കൈമാറാനുള്ള ശ്രമത്തിനിടെയാണ് എക്‌സൈസ് സംഘം പിടികൂടിയത്. സ്പിരിറ്റ് വാങ്ങാന്‍ എത്തിയ ആളെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും വാഹനം എടുത്ത് പ്രതി കടന്നുകളഞ്ഞു.
രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് എക്‌സൈസ് സംഘം സ്ഥലത്തെത്തിയത്. കേരളത്തിലേക്ക് മുന്തിരി എത്തിക്കുന്നുവെന്ന വ്യാജേന മുന്തിരിപ്പെട്ടിയില്‍ ഒളിപ്പിച്ച സ്പിരിറ്റുമായാണ് വാഹനം മണ്ണുത്തിയിലെത്തിയത്.സ്പിരിറ്റ് വാങ്ങാന്‍ കാറിലെത്തിയ ആളെയും സ്പിരിറ്റ് കടത്തിക്കൊണ്ടുവന്ന ലോറിയും ഉദ്യോഗസ്ഥ സംഘം വളഞ്ഞു. എന്നാല്‍ എക്‌സൈസ് വാഹനം ഇടിച്ച് തെറിപ്പിച്ച് ലോറി െ്രെഡവര്‍ സ്പിരിറ്റുമായി കടന്നുകളയാന്‍ ശ്രമിച്ചു. എന്നാല്‍ പിന്തുടര്‍ന്ന എക്‌സൈസ് സ്പിരിറ്റ് ഉള്‍പ്പെടെ പിടിച്ചെടുക്കുകയായിരുന്നു. ലോറി ഓടിച്ച െ്രെഡവറും ക്ലീനറുമാണ് അറസ്റ്റിലായത്. രക്ഷപ്പെട്ട മറ്റൊരു പ്രതിക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.